c
യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാന്റിൽ

പത്തനാപുരം: ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ റിമാന്റ് ചെയ്തു. സംശയവും അഭിപ്രായ ഭിന്നതയുമാണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ കറവൂർ വെരുകുഴി മൈക്കാമൺ രാജി ഭവനിൽ ബീനയ്ക്കാണ്(35) വെട്ടേറ്റത്. വിധവയായ ഇവർക്കൊപ്പം താമസിച്ചിരുന്ന ചാങ്ങപ്പാറ അരുൺ ഭവനിൽ അരുണാണ് (34) പിടിയിലായത്. ഇന്നലെ വൈകിട്ട് ആറരയോടെ കറവൂർ വെരുകുഴി കുടമുക്കിന് സമീപത്തെ വനംവകുപ്പിന്റെ മാഞ്ചിയം പ്ലാന്റേഷനിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അരുൺ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സമീപത്തെ വിരമിച്ച എസ്.ഐ രാജുവിന്റെ വീട്ടിലെത്തി കൊലനടത്തിയെന്ന് കുറ്റസമ്മതം നടത്തി. രാജു പത്തനാപുരം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ അൻവർ, എസ്.ഐമാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഏറെ നേരത്തെ പരിശോധനയ്‌ക്കൊടുവിലാണ് വീട്ടിലേക്കുള്ള വഴിയിൽ യുവതിയെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പിടലിക്കും കൈകളിലും വെട്ടേറ്റ യുവതിയുടെ ഒരു കൈ അറ്റു പോയ നിലയിലാണ്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ വിവസ്ത്രയാക്കി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവതി മരിച്ചു എന്ന് തോന്നിയതിനാലാണ് റിട്ട എസ് ഐയുടെ വീട്ടിലെത്തി സത്യം പറഞ്ഞത്.പരിക്കേറ്റ യുവതിയെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ ദൂരം കാൽ നടയായി സഞ്ചരിച്ച് കാടിന് വെളിയിൽ എത്തിച്ചാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുവതിക്ക് വിദ്യാർത്ഥികളായ രണ്ട് ആൺമക്കളുണ്ട്.