പുത്തൂർ : ശക്തമായ കാറ്റിലും മഴയിലും പുത്തൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾ തകർന്നു. വൈദ്യുത ബന്ധവും തകരാറിലായി. പവിത്രേശ്വരം മേഘാ ഭവനിൽ ഷീജയുടെ അയിരുക്കുഴിയിലെ സ്റ്റേഷനറിക്കടയുടെ മുകളിലേക്ക് മരം കടപുഴകി വീണു. വ്യാഴാഴ്ച വെണ്ടാർ ഭാഗത്ത് നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. വെണ്ടാർ പള്ളിവടക്കതിൽ ദേവകി, ചന്ദ്രമതി എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് മേൽക്കൂരകൾ തകർന്നു. വെണ്ടാർ പൂജയിൽ ബൈജുവിന്റെ വീട്ടിലെ ടോയിലറ്റ് മരം വീണ് തകർന്നു. എസ്.എൻ പുരം പുതുച്ചിറയിലും കാറ്റ് നാശം വിതച്ചു. വ്യാഴാഴ്ച വൈകിട്ട് കടപുഴകി റോഡിലേക്കും വീടുകൾക്ക് മുകളിലേക്കും വീണ മരങ്ങൾ അഗ്നി ശമന സേനയും നാട്ടുകാരും ചേർന്ന് വെള്ളിയാഴ്ചയാണ് നീക്കം ചെയ്തത് .ചെറുപൊയ്കയിൽ പുത്തൻവിള വീട്ടിൽ രാജന്റെ വീടിന് മുകളിലും മരം വീണ് മേൽക്കൂര തകർന്നു. ശക്തമായ കാറ്റിലും മഴയിലും പുത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 15 വൈദ്യുത തൂണുകൾ നിലം പൊത്തി. മൂന്നിടത്ത് 11കെ.വി ലൈനുകൾക്ക് തകരാർ സംഭവിച്ചു. 75 സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണു. വെണ്ടാർ, പുതുച്ചിറ, ചെറുപൊയ്ക, ഐവർകാല, വല്ലഭൻകര എന്നിവിടങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്.