കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ
കുന്നത്തൂർ താലൂക്കിൽ 41 വീടുകൾ ഭാഗികമായി തകർന്നു
കൊല്ലം: ജനജീവിതം താറുമാറാക്കി തുടരുന്ന പെരുമഴയിലും കാറ്റിലും ജില്ലയിൽ 70 വീടുകൾ തകർന്നു. ആര്യങ്കാവ് ഇടപ്പാളയത്ത് ഒരുവീട് പൂർണ്ണമായും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 69 വീടുകൾ ഭാഗികമായുമാണ് തകർന്നത്. കുന്നത്തൂർ താലൂക്കിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. 41 വീടുകൾ ഇവിടെ ഭാഗികമായി തകർന്നു. കാർഷിക മേഖലയിലും സമാനതകളില്ലാത്ത നഷ്ടങ്ങളാണ് കാറ്റ് വിതച്ചത്.
നൂറുകണക്കിന് മരങ്ങൾ കടപുഴകി വൈദ്യുതി തൂണുകൾക്കും കമ്പികൾക്കും മുകളിലേക്ക് വീണു. ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. ജില്ലയുടെ പകുതിയിലേറെ ഭാഗത്ത് ഇന്നലെ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസപ്പെട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ രാവും പകലും വിശ്രമമില്ലാതെ പണിപ്പെടുകയാണ്.
കിഴക്കൻ മലയോരമേഖലയിൽ ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. വ്യാഴാഴ്‌ച രാത്രി വൈകി കാറ്റും മഴയും ശക്തിപ്പെട്ടതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു. അവധി പ്രഖ്യാപനം വൈകിയതിനാൽ മിക്കവരും വിവരം അറിഞ്ഞത് ഇന്ന് രാവിലെയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന മൺറോതുരുത്തിൽ ജലനിരപ്പ് ഉയർന്നു. മഴ തുടർന്നാൽ ഇവിടെ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകും. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ലെങ്കിലും ക്യാമ്പുകളായി പ്രവർത്തിപ്പിക്കേണ്ട സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാണ്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ പൂർണസജ്ജമാണ്.
ട്രെയിൻ ഗതാഗതം താറുമാറായി
റെയിൽ പാളങ്ങൾ സുരക്ഷിതമല്ലെന്ന് വിലയിരുത്തി ആലപ്പുഴ വഴിയുള്ള ട്രെയിൻ സർവീസുകൾ നിറുത്തി വെച്ചതും കോട്ടയം വഴിയുള്ള ട്രെയിനുകൾ മണിക്കൂറുകളോം വൈകിയതും യാത്രക്കാരെ വലച്ചു. ഇന്നലെ ഉച്ചയ്ക്ക് കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള മെമു ട്രെയിനും ഗുരുവായൂർ - പുനലൂർ പാസഞ്ചർ കൊല്ലം മുതൽ പുനലൂർ വരെയും റദ്ദാക്കി. ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തിയത്. ഇതോടെ ബസുകളിൽ പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. ഓഫീസ് സമയം കഴിഞ്ഞ് വീടുകളിലെത്താൻ സ്ത്രികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടി.
ഇന്നലത്തെ മഴയുടെ കണക്ക്....
പുനലൂർ : 99 മില്ലിമീറ്റർ
ആര്യങ്കാവ് : 99 മില്ലിമീറ്റർ
കൊല്ലം: 22 മില്ലിമീറ്റർ
തെന്മല ഡാമിന്റെ ഇന്നലത്തെ ജലനിരപ്പ് 104.02 മീറ്റർ
ഡാമിന്റെ സംഭരണ ശേഷി 115.82 മീറ്റർ
വൈദ്യുതി അപകടങ്ങളെ സൂക്ഷിക്കണം.........
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകളും പോസ്റ്റുകളും കടപുഴകാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോർഡിന്റെ മുന്നറിയിപ്പ്.
പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനുകളിലും സർവീസ് വയറുകളിലും സ്പർശിക്കരുത്
ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കണം
ഇടിമിന്നലുള്ളപ്പോൾ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കരുത്. പ്ലഗിൽ നിന്ന് ഇവ ഊരിയിടണം
വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെ കെട്ടരുത്
വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹം ഉപയോഗിച്ചുള്ള തോട്ടികളും ഏണികളും ഉപയോഗിക്കരുത്
വൈദ്യുതി ലൈനുകൾ വൃക്ഷങ്ങളിൽ തട്ടിനിൽക്കുന്നതോടെ പൊട്ടി വീണ് കിടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ 9496061061 എന്ന നമ്പരിൽ അറിയിക്കണം. വൈദ്യുതി കമ്പികൾ പൊട്ടി വീഴൽ/ അപകട സാദ്ധ്യത : 94960 10101, 94960 01912 (വാട്ട്സ് ആപ്പ്)
വൈദ്യുതി തടസമുണ്ടായാൽ 1912 ടോൾഫ്രീ നമ്പരിൽ അറിയിക്കണം
കൺട്രോൾ റൂം നമ്പരുകൾ: 0474 2794002, 2794004, 1077 (ടോൾ ഫ്രീ)
തകർന്ന വീടുകൾ താലൂക്ക് ക്രമത്തിൽ
കൊട്ടാരക്കര: 16
കുന്നത്തൂർ: 41
കൊല്ലം: 5
കരുനാഗപ്പള്ളി: 3
പത്തനാപുരം: 2
പുനലൂർ: 2