anchal-fest
കേരള കൗമുദി അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന കാർഷിക സെമിനാർ അഞ്ചൽ കൃഷി അസി. ഡയറക്ടർ കുരികേശു ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി.കെ. ജയകുമാർ, കെ..നടരാജൻ എന്നിവർ സമീപം

അഞ്ചൽ: പ്രകൃതിയെ ഉൾക്കൊണ്ട് പരമ്പരാഗത കൃഷിരീതിക്കും മാറ്റം അനിവാര്യമാണെന്ന് കൃഷിവകുപ്പ് അസി. ഡയറക്ടർ കുരികേശു അഭിപ്രായപ്പെട്ടു. കേരളകൗമുദി കൗമുദി ടി.വി എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചൽ ഫെസ്റ്റിൽ 'വിദേശയിനം ഫലവൃക്ഷങ്ങളുടെ കൃഷിരീതികൾ' എന്ന വിഷയത്തിൽ നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മാറ്റം ഉൾക്കൊളളുമ്പോഴും പ്രകൃതിയെ മറക്കരുത്. പ്രകൃതിയെ മറന്നുള്ള ഏത് വികസനവും നാശത്തിലേക്ക് നയിക്കും. കീടനാശിനിയുടെ ഉപയോഗം കൊണ്ടുള്ള ദോഷം അധികംപേരും ഉൾക്കൊള്ളുന്നില്ല ഇടത്തരക്കാരിൽ അധികവും വിഷമുളള ഭക്ഷ്യവസ്തുക്കളാണ് ഉപയോഗിക്കുന്നത്. വീട്ടുപുരയിടത്തിൽ ഉള്ള സ്ഥലത്ത് കൃഷിചെയ്യാൻ മടിക്കുന്നവരാണ് അധികവും. ഈ കാഴ്ചപ്പാടിന് മാറ്റം വരണമെന്നും കുരികേശു പറ‌‌ഞ്ഞു.

സ്വാഗതസംഘം ചെയർമാൻ ഡോ. വി.കെ. ജയകുമർ അദ്ധ്യക്ഷത വഹിച്ചു. മാതൃകാ കൃഷിക്കാരായ ഏറം വി.എഫ്.പി.സി.കെ പ്രസിഡന്റ് എൻ.എസ്. സജി, പ്രകാശ് കുമാർ ചണ്ണപ്പേട്ട എന്നിവരെ ഡോ. വി.കെ. ജയകുമാർ അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി എന്നിവർ ആദരിച്ചു. പ്ലാനിംഗ് ബോർഡ് റിട്ട. അഡി. ഡയറക്ടർ കെ. നടരാജൻ മോഡറേറ്ററായിരുന്നു. കമലാസനൻ, ബി. വേണുഗോപാൽ, വിളക്കുപാറ സുദർശനൻ, കെ. സോമരാജൻ, മുരളി പുത്താറ്റ്, കെ. സുകുമാരൻ പനച്ചവിള, എൻ.എസ്. സജി, പ്രകാശ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റർ അഞ്ചൽ ഗോപൻ സ്വാഗതവും കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.