ട്രെയിൻ ഗതാഗതം മുടങ്ങി താംബരം ട്രെയിൽ അര മണിക്കൂർ ട്രാക്കിൽ കുടുങ്ങി
പുനലൂർ:കനത്ത മഴയെ തുടർന്ന് ആര്യങ്കാവ് മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ മുളങ്കൂട്ടം പിഴുത് വീണ് അര മണികൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.15ഓടെയായിരുന്നു സംഭവം. താംബരത്ത് നിന്ന് കൊല്ലത്തേക്ക് വന്ന എക്സ് പ്രസ് ട്രെയിനിലെ പൈലറ്റാണ് ദൂരെ നിന്ന് ട്രാക്കിൽ മുളകൾ പിഴുത് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ട്രെയിൻ നിറുത്തിയതിനാൽ അപകടം ഒഴിവായി. പിന്നീട് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ആർ.പി.എഫും ജീവനക്കാരും സ്ഥലത്തെത്തി അര മണിക്കൂർ കൊണ്ട് മുളകൾ മുറിച്ച് നീക്കി. തുടർന്നാണ് ട്രെയിൻ പുറപ്പെട്ടത്. ഇപ്പോഴും ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള പാതയോരത്ത് 200ഓളം കൂറ്റൻ മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്.