കരുനാഗപ്പള്ളി: ഓടയിൽ 5 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 175 ലിറ്റർ സ്പിരിറ്റ് നാട്ടുകാർ കണ്ടെടുത്ത് കരുനാഗപ്പള്ളി പൊലീസിൽ ഏല്പിച്ചു. തഴവാ കുറ്റിപ്പുറം കസൂർ മുക്കിന് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് ഓടയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് നാട്ടുകാർ കണ്ടെത്തിയത്. ശക്തമായ മഴയെ തുടർന്ന് വെങ്ങാട്ടു വയൽ വെള്ളത്തിൽ മുങ്ങി. വെള്ളം ഒഴുക്കി വിടുന്നതിനായി ഓടയുടെ സ്ലാബുകൾ നീക്കി വൃത്തിയാക്കുമ്പോഴാണ് കന്നാസുകളിൽ നിറച്ചിരുന്ന സ്പിരിറ്റ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി സ്പിരിറ്റ് കണ്ടുകെട്ടി. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.