കൊട്ടാരക്കര : കരിങ്ങന്നൂർ സ്വദേശി മോഹനൻ പിള്ളയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ പിടിയിൽ. പാരിപ്പള്ളി കിഴക്കനേല സന്തോഷ് ഭവനിൽ സന്തോഷാണ് (38) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഭാര്യവീട്ടിൽ സൂക്ഷിച്ചിരുന്ന സന്തോഷിന്റെ ബൈക്ക് നനയാതിരിക്കാൻ ബൈക്കിനു മുകളിൽ ഇട്ടിരുന്ന കവർ കത്തിച്ചത് ഭാര്യാപിതാവായ മോഹനൻ പിള്ളയാണെന്ന സംശയത്തിലാണ് ഇയാൾ ആക്രമണം നടത്തിയത്. മർദ്ദിച്ച് അവശനാക്കിയ ശേഷം നിങ്ങളുടെ ഭർത്താവിനെ ഞാൻ കമ്പി കൊണ്ട് തലയ്ക്കടിച്ചെന്നും വേണമെങ്കിൽ ആശുപത്രിയിൽ കൊണ്ട് പോകണമെന്നും സന്തോഷ് ഭാര്യാമാതാവിനെ അറിയിക്കുകയായിരുന്നു. സംഭവശേഷം കടന്നു കളഞ്ഞ പ്രതിയെ പാരിപ്പള്ളിയിൽ നിന്നാണ് പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്.ഐ രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.