ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ ക്ഷീര വികസന മേഖലയ്ക്കായി മാറ്റിവെച്ച 52.5 ലക്ഷം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് കാർഡ് വിതരണവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫസർ എസ്. ലീ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ക്ഷീര വികസന ഓഫീസർ പ്രിൻസി ജോൺ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി സ്റ്റീഫൻ ഇൻഷ്വറൻസ് കാർഡ് വിതരണവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വിജയശ്രീ സുഭാഷ് വിവാഹ ധനസഹായവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹരീഷ് മരണാനന്തര സഹായ വിതരണവും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് കറവയന്ത്രത്തിനുള്ള ധനസഹായവും വിതരണം ചെയ്തു.
ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡും ഗുണമേന്മയിൽ ഒന്നാം സ്ഥാനവും മിൽമ മേഖലാ യൂണിയനിൽ നിന്ന് കരസ്ഥമാക്കിയ പള്ളിമൺ ക്ഷീര സംഘത്തിന് ചടങ്ങിൽ അനുമോദനമേകി. സംഘം പ്രസിഡന്റ് പള്ളിമൺ സന്തോഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈലയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മായസുരേഷ്, എ. സുന്ദരേശൻ, ഡി. ഗിരികുമാർ, മൈലക്കാട് സുനിൽ, സിന്ധു അനി, ജയലക്ഷ്മി, ആശാദേവി, ജോൺമാത്യു, ഡി.എഫ്.എമാരായ എസ്. ബീന, ആർ.എസ്. വിനോദ്, ബ്ലോക് ജി.ഇ.ഒ സെലിൻ, ക്ഷീരസംഘം പ്രസിഡന്റുമാരായ വി. വിജയമോഹൻ, ബി. സുരേഷ്, ജെ. സുധാകരൻകുറുപ്പ്, പരവൂർ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.