പരവൂർ: പാരിപ്പള്ളി റോഡിനെയും ചാത്തന്നൂർ എൻ.എച്ചിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അമ്മാരത്ത് മുക്ക് - കൂനംകുളം - പോളച്ചിറ - ബണ്ട് റോഡ് തകർന്ന് കുഴികൾ രൂപപെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. മഴക്കാലമായതിനാൽ തകർന്ന റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുകയാണ്.
പോളച്ചിറ ഭാഗത്ത് പ്രവർത്തിക്കുന്ന ക്രഷറുകളിൽ നിന്ന് ലോഡുമായി ടിപ്പർ ലോറികൾ പോകുന്നതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ബസ് സർവീസുകൾ നിലവിലുള്ളതും പൂതക്കുളത്ത് നിന്ന് ചാത്തന്നൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗമവുമായതിനാൽ നാട്ടുകാർ ഈ റോഡാണ് കൂടുതലും ഉപയോഗപ്പെടുത്തുന്നത്.
റോഡിന്റെ ദുരവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനപ്രതിനിധികൾക്കും അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. റോഡ് അടിയന്തരമായി നവീകരിച്ച് ഗതാഗതയോഗ്യമാക്കി മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കൂനംകുളം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സുകുമാരൻ, രതീഷ്, സുദർശനൻ, രഞ്ജിത്ത്, നിഷാന്ത്, സുരാജ്, ഗോപിനാഥൻ പിള്ള എന്നിവർ സംസാരിച്ചു.