കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ് പരിപാവനമായ കോഴിക്കോട് മൂത്തേത്ത് കടവ് നാശോന്മുഖമാകുന്നു. വിശാലമായ വട്ടക്കായലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള മൂത്തേത്ത് കടവ് സ്ഥിതി ചെയ്യുന്നത്. ജലഗതാഗതം സജീവമായിരുന്ന കാലത്ത് കരുനാഗപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗത്തെ പ്രധാന കടവുകളിൽ ഒന്നായിരുന്നു ഇത്. കടത്ത് വള്ളം ഇല്ലായിരുന്നെങ്കിലും വള്ളങ്ങളുടെ സംഗമ സ്ഥാനമായിരുന്നു മൂത്തേത്ത് കടവ്. ജലഗതാഗതത്തിന്റെ പ്രസക്തി കുറഞ്ഞതോടെ കടത്തു കടവുകളുടെ ശനിദശയും ആരംഭിച്ചു. കടത്തുവള്ളങ്ങളുടെ എണ്ണം സർക്കാർ കുറച്ചതോടെയാണ് കടത്തുകളുടെ പ്രാധാന്യം നഷ്ടമായത്. ഇന്ന് മിക്ക കടത്തുകടവുകളും കൈയേറ്റ ഭീഷണിയിലാണ്. പഴയ കടത്തു കടവുകളെ സംരക്ഷിക്കാനുള്ള പദ്ധതികൾ സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ വകുപ്പുകളുടേയൊ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മൂത്തേത്ത് കടവിലെ കൈയേറ്റം അവസാനിപ്പിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
15 സെന്റോളം വിസ്തൃതി
15 സെന്റോളം വിസ്തൃതിയുള്ളതാണ് മൂത്തേത്ത് കടവ്. രാത്രിയിൽ കടവ് പൂർണമായും ഉണർന്നിരുന്നു. വിശാലമായ കടവിൽ കൊല്ലത്തും ആലപ്പുഴയിലും നിന്നുള്ള ചരക്ക് വള്ളങ്ങൾ എത്തിയിരുന്നതായി കടവിലെ താമസക്കാരൻ കുമാരൻ പറയുന്നു. വട്ടക്കായലിൽ രാത്രിയിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾ പുലർച്ചെ മൂത്തേത്ത് കടവിലായിരുന്നു അടുത്തിരുന്നത്. കടവ് മത്സ്യവിപണത്തിന്റെ പ്രധാന കേന്ദ്രം കൂടിയായിരുന്നു. ഇവിടെ നിന്ന് പൊന്മന, കോവിൽത്തോട്ടം, കുറ്റിവട്ടം ഭാഗത്തേക്ക് സ്വകാര്യ വള്ളങ്ങൾ കടത്ത് നടത്തിയിരുന്നു. കോഴിക്കോട്ട് നിവാസികൾ കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതും മൂത്തേത്ത് കടവിലായിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനം
ശ്രീനാരായണ ഗുരുദേവൻ മൂന്ന് തവണ കോഴിക്കോട് മൂത്തേത്ത് കടവിലെത്തിയിട്ടുണ്ട്. കോഴിക്കോട് കുന്നനഴികത്ത് ശ്രീനാരായണ ഭദ്രാദേവീ ക്ഷേത്രത്തിന്റെ സ്ഥലമെടുപ്പിനും പ്രതിഷ്ഠാ കർമ്മവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമാണ് ഗുരുദേവൻ രണ്ട് പ്രാവശ്യം ഇവിടെ സന്ദർശിച്ചത്. 1894 ജനുവരി മാസം അവസാന വാരത്തിലാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കായി ഗുരുദേവൻ എത്തിയത്. പ്രതിഷ്ഠയ്ക്ക് ശേഷം ഒരു പ്രാവശ്യം കൂടി ഗുരു ഇവിടെയെത്തി തുറയിൽക്കുന്ന് ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നതായി പഴമക്കാർ പറയുന്നു.
കരുനാഗപ്പള്ളിയിലെ ഏറ്റവും പഴക്കം ചെന്ന കടത്തുകടവാണിത്. വർഷങ്ങളായി ഇത് ഉപയോഗ ശൂന്യമായിക്കിടക്കുന്നു. മുനിസിപ്പാലിറ്റിയുടെ പരിമിതമായ ഫണ്ട് ഉപയോഗപ്പെടുത്തി കടത്ത് സംരക്ഷിക്കാനാവില്ല. ജലസേചന വകുപ്പുമായി ചേർന്ന് കടത്തുകടവ് സംരക്ഷിക്കുന്നതിനുള്ള നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാകണം
വസുമതി രാധാകൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, നഗരസഭ, കരുനാഗപ്പള്ളി