ഓച്ചിറ: ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ 'ഹരിത ഭാരതം പ്രൗഢ ഭാരതം' പദ്ധതികൾക്ക് തുടക്കമായി. സ്കൂളിൽ നടത്തുന്ന വിവിധ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സ്കൂളിന് പുതുതായി അനുവദിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ താജുദ്ദീൻ കുട്ടിയും ജെ.ആർ.സി യൂണിറ്റ് ഉദ്ഘാടനം ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാറും ബാൻഡ് ട്രൂപ്പിന്റെ ഉദ്ഘാടനം ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ പി.ആർ. പ്രകാശും നിർവഹിച്ചു. ഒരേക്കർ സ്ഥലത്ത് മാതൃകാ പച്ചക്കറി തോട്ടവും ജൈവവൈവിദ്ധ്യ ഉദ്യാനവും നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ സുമാറാണി നിർവഹിച്ചു. നൂറുമേനി വിജയം കൈവരിച്ചതിനുള്ള പുരസ്കാരം രാമചന്ദ്രൻ എം.എൽ.എയിൽ നിന്ന് സ്കൂൾ ചെയർമാൻ രാജശേഖരൻപിള്ള ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ ഡോ. അജിത് കെ.സി, വൈസ് ചെയർമാൻ ഡോ. മഞ്ജു രാജശേഖരൻ, വൈസ് പ്രിൻസിപ്പൽ സബീന, ശ്രീലേഖ, സക്കീർ, കാഞ്ചന തുടങ്ങിയവർ സംസാരിച്ചു.