മൂന്ന് ദിവസത്തിനിടെ ജില്ലയിൽ തകർന്നത് 155 വീടുകൾ
കൊല്ലം: ജില്ലയിൽ മഴയുടെ തോത് കുറഞ്ഞെങ്കിലും വിവിധ താലൂക്കുകളിലായി 43 വീടുകൾ ഇന്നലെ തകർന്നു. പത്തനാപുരം, കൊല്ലം താലൂക്കുകളിലെ രണ്ട് വീടുകൾ പൂർണ്ണമായും തകർന്നപ്പോൾ 41 വീടുകൾ ഭാഗികമായി തകർന്നു. മൂന്ന് ദിവസത്തിനിടെയുണ്ടായ കാറ്റിലും മഴയിലും 155 വീടുകളാണ് കൊല്ലത്ത് തകർന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ജനങ്ങൾക്കുണ്ടായത്.
പുനലൂരിലും കുന്നത്തൂരിലും രണ്ട് കിണറുകൾ വീതം പൂർണമായും ഇടിഞ്ഞ് താഴ്ന്നു. കുന്നത്തൂരിൽ രണ്ട് കാലിത്തൊഴുത്തുകൾ പൂർണമായി തകർന്നു. വൈദ്യുതി തൂണുകൾക്കും കമ്പികൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് ഇന്നലെയും വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. രാവും പകലുമില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായി ജോലി ചെയ്യുകയാണ്. കൊല്ലം റെയിൽവെ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ പുളിമരം ഉൾപ്പെടെ അനവധി കാലവർഷങ്ങളെ അതിജീവിച്ച മരങ്ങളും ഇന്നലെ കടപുഴകി വീണു. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യം ഉണ്ടായില്ലെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം സജ്ജമാണ്. അവധി ഒഴിവാക്കി ജോലിക്കെത്താൻ സർക്കാർ ജീവനക്കാർ ശ്രമിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദേശിച്ചിരുന്നെങ്കിലും രണ്ടാം ശനിയാഴ്ചയായ ഇന്നലെ ഭൂരിപക്ഷം ജീവനക്കാരും ഓഫീസുകളിലെത്തിയില്ല.
ട്രെയിൻയാത്രയും ദുരിതത്തിൽ
ട്രെയിൻ ഗതാഗതം സാധാരണ നിലയിലെത്താത്തത് ജില്ലയിലെ നൂറ് കണക്കിന് യാത്രക്കാരെ ഇന്നലെയും വലച്ചു. ദീർഘദൂര ട്രെയിനുകളിൽ പലതും ഇന്നലെയും ഓടിയില്ല. മെമു, പാസഞ്ചർ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് പകരമായി പ്രത്യേക ട്രെയിൻ ഓടിച്ചെങ്കിലും ജനങ്ങളുടെ യാത്രാ ദുരിതം ഒഴിവായില്ല. ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നവരാണ് ബുദ്ധിമുട്ടിയവരിലേറെയും.
കർഷകർക്ക് കോടികളുടെ നഷ്‌ടം
ഓണത്തിനൊരുങ്ങിയ കാർഷിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് പെരുമഴയിലും കാറ്റിലുമുണ്ടായത്. ജൂലായ് അവസാനിക്കുമ്പോൾ 1.61 കോടി രൂപയുടെ നഷ്ടമാണ് കാർഷിക മേഖലയിൽ മഴ വരുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കാറ്റിലും മഴയിലും ശേഷിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ കൂടി നശിച്ചു. കഴിഞ്ഞ ഓണത്തിന് തൊട്ട് മുൻപ് എത്തിയ പ്രളയം വരുത്തിയ കടക്കെണിയിൽ നിന്ന് കരകയറാനായി വൻ തോതിൽ കൃഷിയിറക്കിയ കർഷകരാണ് ഇത്തവണയും ദുരിതത്തിലായത്.
തേവള്ളിയിൽ മണ്ണിടിഞ്ഞ്
വീട് തകർന്നു
കൊല്ലം: തേവള്ളി ഹോമിയോ ആശുപത്രിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു. തേവള്ളി കടത്ത് കടവിന് സമീപം ശ്രീലതാ മന്ദിരത്തിൽ വസന്തയുടെ വീടിന് മുകളിലേക്ക് ഇന്നലെ രാവിലെ എട്ടോടെയാണ് മണ്ണിടിഞ്ഞ് വീണത്. വസന്തയും മറ്റ് കുടുംബാംഗങ്ങളും വീടിന് പുറത്തായിരുന്നതിനാൽ ആളപായമുണ്ടായില്ല. ടി.വി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ പൂർണ്ണമായും നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ സമീപത്തെ വീട്ടിലുള്ളവരെയും ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
.......................................
ഇന്നലത്തെ മഴയുടെ കണക്ക്....
പുനലൂർ : 40.2 മില്ലിമീറ്റർ
ആര്യങ്കാവ് :21 മില്ലിമീറ്റർ
കൊല്ലം: 38 മില്ലിമീറ്റർ
തെന്മല ഡാമിന്റെ ഇന്നലത്തെ ജലനിരപ്പ് 104.80 മീറ്റർ
ഡാമിന്റെ സംഭരണ ശേഷി 115.82 മീറ്റർ
വൈദ്യുതി അപായം
അറിയിക്കണം
വൈദ്യുതി കമ്പികൾ പൊട്ടി വീഴൽ/ അപകട സാദ്ധ്യത : 94960 10101, 94960 01912 (വാട്ട്സ് ആപ്പ്)
വൈദ്യുതി തടസം: 1912 (ടോൾഫ്രീ )
കൺട്രോൾ റൂം നമ്പരുകൾ: 0474 2794002, 2794004, 1077 (ടോൾ ഫ്രീ)
തകർന്ന വീടുകൾ താലൂക്ക് ക്രമത്തിൽ
കൊട്ടാരക്കര: 6
കുന്നത്തൂർ: 23
കൊല്ലം : 1
കരുനാഗപ്പള്ളി: 6
പത്തനാപുരം:1
പുനലൂർ: 6