വാടിയിൽ നിന്ന് 10 ബോട്ടുകൾ പന്തളത്തെത്തിച്ചു
കൊല്ലം: പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കൊല്ലം വാടിയിൽ നിന്ന് ഇന്നലെ വൈകിട്ട് 10 ബോട്ടുകളുമായി 30 മത്സ്യത്തൊഴിലാളികൾ പന്തളത്തേക്ക് പോയി. സർക്കാർ നിർദ്ദേശം കാത്ത് ബോട്ടുകളുമായി തൊഴിലാളികൾ പന്തളത്ത് തങ്ങുകയാണ്. അണക്കെട്ടുകൾ തുറന്ന് പ്രളയ സാഹചര്യമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താനാണ് യാനങ്ങളുമായി മത്സ്യതൊഴിലാളികളെ മുൻകൂട്ടി എത്തിച്ചത്. കൂടുതൽ ബോട്ടുകളുമായി രക്ഷാദൗത്യങ്ങൾക്കെത്താൻ തയ്യാറാണെന്ന് വാടിയിലെ മത്സ്യതൊഴിലാളികൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
ബോട്ടുകൾ ലോറികളിൽ കയറ്റാൻ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും ഉച്ചയോടെ വാടിയിലെത്തിയിരുന്നു. മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ,കെ.സോമപ്രസാദ്, എം.മുകേഷ് എം.എൽ.എ, മേയർ വി.രാജേന്ദ്രബാബു, കളക്ടർ ബി.അബ്ദുൽ നാസർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും വാടിയിലെത്തി. പൊലീസ് - മോട്ടോർ വാഹന - ഫിഷറീസ് വകുപ്പുകളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തൊഴിലാളികൾക്ക് ഭക്ഷണം, കുടിവെള്ളം, ലൈഫ് ജാക്കറ്റ് എന്നിവ ഫിഷറീസ് അധികൃതർ കൊടുത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിലും വാടിയിൽ നിന്ന് യാനങ്ങളുമായി പോയ മത്സ്യത്തൊഴിലാളികളാണ് ആറന്മുളയിലും ചെങ്ങന്നൂരിലെയും ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ നൂറ് കണക്കിന് ജനങ്ങളെ രക്ഷപ്പെടുത്തിയത്. അന്ന് നീണ്ടകര, കരുനാഗപ്പള്ളി ആലപ്പാട് എന്നിവിടങ്ങളിൽനിന്നടക്കം
128 ബോട്ടുകളുമായി 447 മത്സ്യതൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പോയത്. ഇവരെല്ലാം കേരളത്തിന്റെ ആദരവും പ്രശംസയും നേടിയിരുന്നു.