c
ടർക്കിക്കുഞ്ഞുങ്ങൾ

കൊല്ലം: പക്ഷിപ്പനിയെ തുടർന്ന് മൂന്നു വർഷത്തിലേറെയായി പ്രവർത്തനം മുടങ്ങിയിരുന്ന കുരീപ്പുഴ ജില്ലാ ടർക്കി ഫാമിൽ വീണ്ടും ടർക്കിക്കുഞ്ഞുങ്ങളുടെ ഒച്ച ഉയർന്നു തുടങ്ങി. അമേരിക്കൻ പ്രിയ താരവും മാംസാഹാരപ്രിയരുടെ ഹരവുമായ ബെൽ സ്വില്ലെ ടർക്കികളാണ് ഇപ്പോൾ ഇവിടത്തെ മുഖ്യ ആകർഷണം. വിശേഷാവസരങ്ങളിലും ആഡംബര പാർട്ടികളിലും നക്ഷത്ര ഹോട്ടലുകളിലുമൊക്കെ വിശിഷ്ട ഭോജ്യമാണ് ടർക്കി ഇറച്ചി വിഭവങ്ങൾ . കൊളസ്ട്രോൾ രഹിതമാണ് ടർക്കി ഇറച്ചി. പകർച്ചവ്യാധികളില്ലാത്തതിനാൽ രോഗപ്രതിരോധ മരുന്നുകളോ ആന്റിബയോട്ടിക്കുകളോ ടർക്കികളിൽ ഉപയോഗിക്കാറില്ല. നേരത്തേയുണ്ടായിരുന്ന ബ്രോൺസ്, ലാർജ് വൈറ്റ് എന്നീ ഇനങ്ങൾ പൂർണ്ണവളർച്ചയിൽ 8 മുതൽ 12 കിലോ വരെ ഭാരമെത്തുമായിരുന്നു. ബെൽ സ്വില്ലെയാകട്ടെ, ഗാർഹിക ഉപഭോക്താക്കൾക്കുതകുന്ന രീതിയിൽ 5 കിലോയിൽ ഭാരമൊതുങ്ങും. ബെൽ സ്വില്ലെയുടെ മാതൃ ശേഖരമെത്തിച്ചത് തമിഴ്നാട് വെറ്ററിനറി സർവകലാശാലയുടെ ഫാമിൽ നിന്നാണ്. രണ്ടു വർഷത്തെ കൊത്തു മുട്ടകൾ ശേഖരിച്ച് ഫാമിലെ ഇൻക്യുബേറ്ററിൽ വിരിയിച്ച് 5000 ലേറെ കുഞ്ഞുങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു മാസം പ്രായമുള്ള ബെൽ സ്വില്ലെ ടർക്കിക്കുഞ്ഞുങ്ങൾ വിപണനത്തിനു തയ്യാറായിട്ടുണ്ട്. രാവിലെ 8 മുതൽ ഉച്ചക്ക് 3 മണി വരെയാണ് വില്പന. സെപ്റ്റംബർ മധ്യത്തോടെ ഇറച്ചിയാവശ്യത്തിനായി മുതിർന്ന ടർക്കികളെയും വില്കാൻ കഴിയുമെന്ന് അസി.ഡയറക്ടർ ഡോ.ബി.അജിത്ബാബു, പി.ആർ. ഒ ഡോ. ഡി ഷൈൻകുമാർ എന്നിവർ പറഞ്ഞു. ഫാമിലെ ഫോൺ നമ്പർ 0474- 2799222