house
കനത്ത മഴയിൽ പുനലൂർ ചാലക്കോട് ചരുവിള വീട്ടിൽ ഷബിൻെറ വീട് തകർന്ന് വീണപ്പോൾ

പുനലൂർ:പുനലൂർ താലൂക്കിൽ ഏഴ് വീടുകൾക്ക് നാശം സംഭവിച്ചു.ഒരു കിണർ ഇടിഞ്ഞു താഴ്ന്നു.പുനലൂർ ചാലക്കോട്ചരുവിള വീട്ടിൽ ഷബിൻ, അഞ്ചൽ കോമളം രാഹുൽ ഭവനിൽ രാധാകൃഷ്ണൻ, അറയ്ക്കൽ മൂന്ന് മുറിയിൽ അച്ചൻകുഞ്ഞ്,കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി ബ്ലോക്ക്നമ്പർ 48-ൽ സുമംഗല, കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര സത്യമംഗലത്ത് വീട്ടിൽ പ്രസന്ന,50 ഏക്കറിൽ സൈനബാബീവി,കരവാളൂർ പണയിൽ അഴികത്ത് വീട്ടിൽ കുട്ടി എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്.

പുനലൂർ ചാലക്കോട് കക്കാട്ട്പുറം വീട്ടിൽ മുജീബിന്റെ വിട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. സുമംഗലയുടെ വീട് പൂർണ്ണമായും നശിച്ചു.വിളക്കുടി വില്ലേജിലെ ചെമ്മന്തൂർ മുരുകൻ കോവിലിന് സമീപത്തെ സ്വകാര്യ ചാനൽ റിപ്പോർട്ടർ സുനിലിൻെറ വീടിനോട് ചേർന്ന ഷെഡിൽ കട്ടിംഗ് ഇടിഞ്ഞു വീണ് ഷെഡ് ഭാഗികമായി തകർന്നു.

പുനലൂരിന് പുറമെ തെന്മല, ആര്യങ്കാവ്, കരവാളൂർ, വിളക്കുടി തുടങ്ങിയ സമീപ പഞ്ചായത്തുകളിൽ ഒരാഴ്ചയായി ശക്തമായ മഴയാണ് പെയ്യുന്നത്. താലൂക്ക് ഓഫീസിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കൊല്ലത്തെ റിലീഫ് ക്യാമ്പുകളിൽ എത്തിക്കാൻ പുതിയ തുണികൾ, ഭക്ഷ്യവസ്തുക്കൾ അടക്കമുളളവ താലൂക്കിൽ ശേഖരിച്ചു തുടങ്ങി. ഡെപ്യൂട്ടി തഹസിൽദാർ ടി.രാജേന്ദ്രൻ പിളളയുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളും, തുണികളും പൊതുജനങ്ങളിൽ ശേഖരിക്കുന്നത്.