കരുനാഗപ്പള്ളി: 1965ലെ ഇന്തോ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ഡി. കൃഷ്ണനെ നാട് അനുസ്മരിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നഗരസഭയുടെയും എക്‌സ് സർവീസസ് ലീഗ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കേണൽ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ആലപ്പാട് യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജയരാജ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ, നഗരസഭാ പ്രതിപക്ഷനേതാവ് എം.കെ. വിജയഭാനു, എക്‌സ് സർവീസസ് ലീഗ് സംസ്ഥാന ട്രഷറർ പി. സതീഷ്ചന്ദ്രൻ, താലൂക്ക് സെക്രട്ടറി എൻ. ജനാർദ്ദനൻ പിള്ള, തഴവാ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ജെ. വാസുദേവൻ, ധീരജവാന്റെ സഹോദരൻ ഡി. ചിദംബരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി മുൻ സൈനികർ സ്മൃതിയാത്ര നടത്തി. തുടർന്ന് മുനിസിപ്പൽ ഒാഫീസിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ഡി. കൃഷ്ണന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.