കുളത്തൂപ്പുഴ: കാണാതായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. തിങ്കൾകരിക്കം കൊച്ചുകരിക്കം മൂലവട്ടം ചരുവിള വീട്ടിൽ ആനന്ദവല്ലിയുടെ മകൾ ഉഷയുടെ (35) മൃതദേഹമാണ് വീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള പുരയിടത്തിൽ കണ്ടെത്തിയത്. കനംകുറഞ്ഞ റബർ മരത്തിൽ കുരുക്കിട്ട് തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഭർത്താവിൽ നിന്ന് വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു ഉഷ. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സമീപത്ത് ആടിന് മേയ്ക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, കുളത്തൂപ്പുഴ സി.ഐ സതികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയരുന്നു. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതും പൊലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതുമാണ് നാട്ടുകാരിൽ സംശയം ഉണർത്തുന്നത്. മൃതദേഹം കുരുങ്ങിക്കിടന്ന മരത്തിന്റെ വലിപ്പക്കുറവും സംശയം വർദ്ധിപ്പിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു.