കൊല്ലം: മഹാകവി കുമാരനാശാന്റെ വെങ്കല പ്രതിമ സ്ഥാപിക്കാൻ കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം സർക്കാർ പാട്ടവ്യവസ്ഥയിൽ അനുവദിച്ച സ്ഥലത്ത് കാവ്യ കൗമുദി സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ സർവേ കല്ല് സ്ഥാപിച്ചു. കുമാരനാശാന്റെ 96-ാം ചരമവാർഷിക ദിനമായ 2020 ജനുവരി 17ന് പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. സമിതിയുടെ നേതൃത്വത്തിൽ പ്രതിമ സ്ഥാപിക്കാനാണ് സ്ഥലം സർക്കാർ അനുവദിച്ചിരിക്കുന്നത്.
പാട്ടത്തുക ഒടുക്കി കാവ്യകൗമുദി നിയമാനുസൃതം ഏറ്റെടുത്ത സ്ഥലത്ത് സാഹിത്യ സമിതി ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരും രക്ഷാധികാരി എം.ജി. കെ നായരും ചേർന്നാണ് സർവേകല്ല് സ്ഥാപിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
കൊല്ലം ഇൻലാന്റ് നാവിഗേഷൻ അസി. എക്സി. എൻജിനീയർ ജോയ് ജനാർദ്ദനൻ, സാഹിത്യ സമിതി വൈസ് പ്രസിഡന്റുമാരായ ബോബൻ നല്ലില, വിജയശ്രീ മധു, ജോയിന്റ് സെക്രട്ടറിമാരായ മാമ്പളളി ജി. ആർ. രഘുനാഥൻ, ചവറ ബെഞ്ചമിൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാഹിത്യപ്രേമികളും സന്നിഹിതരായിരുന്നു. കൊല്ലം കോർപ്പറേഷൻ എഴു ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.