കുന്നത്തൂർ:ശക്തമായ മഴ കുന്നത്തൂർ താലൂക്കിൽ വ്യാപക നാശം വിതച്ചു.മരം വീണ് നിരവധി വീടുകൾ തകർന്നു.ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിശ്ശേരി തറയിൽ പരമു, പോരുവഴി വടക്കേമുറി മുകേഷ് ഭവനത്തിൽ ശ്യാമള എന്നിവരുടെ വീട്ടുമുറ്റത്തെ കിണറുകൾ ഇടിഞ്ഞുതാണു.
ശാസ്താംകോട്ട വില്ലേജിൽ 60 വീടുകളും കുന്നത്തൂർ വില്ലേജിൽ 7 വീടുകളും മൈനാഗപ്പള്ളിയിൽ 11 വീടുകളും ഭാഗികമായി തകർന്നു.
മിക്കയിടത്തും വൈദ്യുതി പോസ്റ്റുകളും ലൈനുകളും നിലം പതിച്ചതിനാൽ ഗതാഗതം മുടങ്ങി. വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. തെക്കൻ മൈനാഗപ്പള്ളി നെടുവിള കിഴക്കതിൽ റസിയയുടെ വീട് പൂർണമായി തകർന്നു.ഇവിടെ രണ്ട് തൊഴുത്തുകളും തകർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൊടിയൂർ കായൽ നിറഞ്ഞൊഴുകിയതിനെ തുടർന്ന് തൊടിയൂർ -പാവുമ്പ റോഡിൽ ഗതാഗതം നിലച്ചു.
മൈനാഗപ്പള്ളി ഇടവനശ്ശേരി വിശാഖത്തിൽ അരവിന്ദാക്ഷൻ പിള്ളയുടെ വീട് മരം വീണ് തകർന്നു.കുന്നത്തൂർ തുരുത്തിക്കര ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം തേക്ക് മരം വീണ് വീട് പൂർണമായും തകർന്നു.ശൂരനാട് വടക്ക് പെരുംകുളം തട്ടാണിവിളയിൽ മുജീബിന്റെ വീടിനും കേടുപാട് സംഭവിച്ചു.ലക്ഷങ്ങളുടെ കൃഷിനാശമാണ് താലൂക്കിലെ ഏലാകളിൽ സംഭവിച്ചത്. താഴ്ന്ന പ്രദേശങ്ങളും വയലേലകളും വെള്ളത്തിനടിയിലാണ്.കല്ലടയാറ്റിലും പള്ളിക്കലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് ആശങ്കയ്ക്കിടയാക്കി.കുന്നത്തൂർ,പടിഞ്ഞാറെ കല്ലട,ശൂരനാട് വടക്ക്,ശൂരനാട് തെക്ക് പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്.
കഴിഞ്ഞ പ്രളയകാലത്ത് കല്ലടയാറ് കരകവിഞ്ഞൊഴുകി വൻനാശ നഷ്ടമാണ് കുന്നത്തൂർ,പടിഞ്ഞാറെ കല്ലട പ്രദേശങ്ങളിൽ ഉണ്ടായത്. മഴക്കെടുതിയും വെള്ളപ്പൊക്കവും വിലയിരുത്തുന്നതിനും മുൻ കരുതലുകൾ സ്വീകരിക്കുന്നതിനുമായി ഇന്ന് താലൂക്ക് ഓഫീസിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് തഹസീൽദാർ ലിസി അറിയിച്ചു.