പത്തനാപുരം: പഞ്ചായത്ത് അനുമതിയോടെ നിർമാണം തുടങ്ങുകയും പൂർത്തീകരിച്ചപ്പോൾ അനുമതി നിഷേധിക്കുകയും ചെയ്ത വീടിന് പഞ്ചായത്ത് നമ്പർ ലഭിച്ചു. പത്തനാപുരം വിളക്കുടി ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഷാജി മൻസിലിൽ ഷാജഹാൻ, വയലുവിളക്കടയിൽ നാസറുദീൻ എന്നിവരുടെ വീടുകൾക്കാണ് നമ്പർ നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
അതേസമയം, അത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വർക്ക് ഷോപ്പിന് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, എൽ.എസ്.ജി.ഡി. അഡിഷണൽ സെക്രട്ടറി, കൊല്ലം ടൗൺ പ്ലാനർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉന്നതയോഗം ചേർന്നത്. വിളക്കുടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് അലോഷ്യസിനെ വിളിച്ചു വരുത്തിയാണ് നിർദേശം നൽകിയത്.
ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ പഞ്ചായത്തിലും ജില്ലാതലത്തിലും നടന്ന അദാലത്തുകളിൽ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്. വീട്ടുടമകൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച യോഗം നിർമാണ സമയത്ത് ഡേറ്റാ ബാങ്ക് നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.
2009ൽ പെർമിറ്റ് നേടി തുടങ്ങിയ വീട് നിർമാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോയി. 2012ൽ വീണ്ടും പഞ്ചായത്ത് പെർമിറ്റ് പുതുക്കി നൽകി. 2015ൽ നിർമാണം പൂർത്തിയാക്കി ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ചിട്ടും വീട്ടുനമ്പർ നൽകിയില്ല. ഷാജഹാൻ 23 വർഷമായി വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും ബാങ്ക് ലോണും ഉപയോഗിച്ചാണ് ആവണീശ്വരത്തെ ഇഷ്ടികച്ചൂളയ്ക്ക് സമീപത്തെ ആറു സെന്റിൽ വീടുവെച്ചത്. വീട്ടു നമ്പരിനായുള്ള ശ്രമത്തിനിടെ വിദേശ ജോലി നഷ്ടമായിരുന്നു. ലോൺ അടയ്ക്കാതെ വന്നതോടെ വീട്ടിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. വീട് വിറ്റ് കടം തീർക്കാനുള്ള ശ്രമം വീട്ടു നമ്പർ ലഭിക്കാത്തതു കാരണം മുടങ്ങി. ഇതുകാരണം കുടുംബത്തിന് സ്വന്തമായി റേഷൻ കാർഡു പോലും ലഭിച്ചില്ല.