# മരാമത്ത് വകുപ്പ് മെല്ലെപ്പോയാൽ കോടതി സമുച്ചയ നിർമ്മാണം നീളും
കൊല്ലം: കൊല്ലത്തെ കോടതി സമുച്ചയം എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽത്തന്നെ നിർമ്മിക്കുന്നതിന്റെ മുന്നോടിയായി പൊളിച്ചു മാറ്റുന്ന ക്വാർട്ടേഴ്സിന് പകരമുള്ള ക്വാർട്ടേഴ്സിന്റെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിന് നൽകി സർക്കാർ ഉത്തരവിറങ്ങി. കോടതി സമുച്ചയം നിർമ്മിക്കാൻ എൻ.ജി.ഒ ക്വാർട്ടേഴ്സിന് പകരം മറ്റൊരു സ്ഥലം കണ്ടെത്താൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് റദ്ദാക്കിയിരുന്നു. പകരം ക്വാർട്ടേഴ്സ് നിർമ്മിച്ച് ജീവനക്കാരെ സമയബന്ധിതമായി പുനരധിവസിപ്പിക്കാതെ കോടതി സമുച്ചയനിർമ്മാണം ആരംഭിക്കാൻ കഴിയില്ല. പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്ക് നയം ഇക്കാര്യത്തിലും തുടർന്നാൽ കോടതി സമുച്ചയം ഉടനെങ്ങും യാഥാർത്ഥ്യമാകില്ലെന്നാണ് അഭിഭാഷക സമൂഹത്തിന്റെ ആശങ്ക. അതിനാൽ ക്വാർട്ടേഴ്സ് നിർമ്മാണത്തിന് വിവിധ വകുപ്പുകളുടെ ഏകീകരിച്ച പ്രവർത്തനം ആവശ്യമാണ്. ഫണ്ടനുവദിക്കുകയും വേണം. ഇക്കാര്യങ്ങൾക്കായി ജനപ്രതിനിധികളും മറ്റു ബന്ധപ്പെട്ടവരുടെയും ഇടപെടൽ അനിവാര്യമാണ്.
വീർപ്പ് മുട്ടി സിവിൽ സ്റ്റേഷൻ
കൊല്ലത്തെ വിവിധ കോടതികൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ ഇപ്പോൾ തിക്കും തിരക്കും മൂലം വീർപ്പ് മുട്ടുകയാണ്. സ്ഥലപരിമിതി മൂലം പുതിയ കോടതികളിൽ പലതും ജില്ലാ ആസ്ഥാനം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയുമുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗങ്ങൾക്കെതിരായ അതിക്രമങ്ങൾ, അബ്കാരി കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്ന കോടതികൾ കൊട്ടാരക്കരയിലാണ് പ്രവർത്തിക്കുന്നത്. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസുകളും എഫ്.ഐ. ആറും കൊട്ടാരക്കര കോടതിയിലേക്ക് മാറ്റിയതിനാൽ കക്ഷികളും അഭിഭാഷകരും കൊട്ടാരക്കരയിൽ പോകേണ്ട സ്ഥിതിയാണ്. വക്കഫ് ട്രൈബ്യൂണൽ, എം.എ.സി.ടി, കുടുംബ കോടതികളും സിവിൽ സ്റ്റേഷനു പുറത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പോക്സോ പ്രത്യേക കോടതിയ്ക്ക് സ്ഥലം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ അടിയന്തരമായി സ്ഥലം കണ്ടെത്തേണ്ടതുണ്ട്. പുതിയ കോടതി സമുച്ചയം ഉടനെ നിർമ്മിച്ചാൽ അവിടെ പോക്സോ കോടതി സ്ഥാപിക്കാമെന്നാണ് അഭിഭാഷകർ പറയുന്നത്.
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതികൾ
# ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 1
# രണ്ട് അഡിഷണൽ ജില്ലാ കോടതികൾ
# മൂന്ന് ഫാസ്റ്റ് ട്രാക്ക് കോടതികൾ
# രണ്ട് സബ് കോടതികൾ
# മൂന്ന് മജിസ്ട്രേട്ട് കോടതികൾ
# രണ്ട് മുൻസിഫ് കോടതികൾ
# ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി