അഞ്ചൽ: പ്രകൃതിയെ ആശ്രയിക്കാതെ തന്നെ തേനീച്ച കൃഷി ലാഭകരമാക്കാൻ സാധിക്കുമെന്ന് വെട്ടിക്കവല കെ.എം.ആർ ബീ കീപ്പിംഗ് സെന്റർ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. കേരളകൗമുദി, കൗമുദി ടി.വി എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചൽ ഫെസ്റ്റിൽ തേനീച്ച കൃഷിയിലെ നൂതന സാദ്ധ്യതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി പ്രതിഭാസങ്ങളൊന്നും തേനീച്ചക്കൃഷിയെ ബാധിക്കാറില്ല. ഇത് മുഴുവൻ സമയ ജോലിയല്ല. ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ പരിചരണം മതി. സ്വന്തമായി ഭൂമി ഇല്ലാത്തവർക്കും തേനീച്ചക്കൃഷി നടത്താം. സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉൾപ്പെടെ തേനിൽ നിന്ന് നിർമ്മിക്കുന്നുണ്ട്. തേനിലെ മായം കണ്ടുപിടിക്കുക പ്രയാസമാണ്. ലാബ് ടെസ്റ്റിലൂടെ മാത്രമേ ഇത് പൂർണമായും സാധിക്കൂ. ഇലയിൽ നിന്നും തേൻ ഉത്പാദിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണ് ഉള്ളതെന്നും രാധാകൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു.
പ്ലാനിംഗ് ബോർഡ് റിട്ട. അഡിഷണൽ ഡയറക്ടർ കെ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു.. അനീഷ് കെ. അയിലറ മോഡറേറ്ററായിരുന്നു. മികച്ച കർഷകരായ കെ. സുകുമാരൻ (പനച്ചവിള) ബി. മുരളി (പുത്താറ്റ്) എന്നിവരെ ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. വി.കെ. ജയകുമാർ, രചന ഗ്രാനൈറ്റ്സ് എം.ഡി കെ. യശോധരൻ തുടങ്ങിയവർ ആദരിച്ചു. അഘോഷ കമ്മിറ്റി സെക്രട്ടറി അഡ്വ. ജി. സുരേന്ദ്രൻ, ആർച്ചൽ സോമൻ, ജി. കമലാസനൻ, ബി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കോ ഓർഡിനേറ്റർ അഞ്ചൽ ഗോപൻ സ്വാഗതവും കേരളകൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.