ഓയൂർ: ഓടനാവട്ടം ചെപ്രയിൽ ഒരു വർഷം മുമ്പ് യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെപ്ര പുള്ളാടി മുക്ക് വത്സലാ ഭവനിൽ അഭിജിത്തിനെയാണ് (24 ) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചെപ്ര ശ്രീജാ വിലാസത്തിൽ ശ്രീജ (19) മരിച്ച സംഭവത്തിലാണിത്. 2018 ഏപ്രിൽ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. അഭിജിത്ത് യുവതിയുമായി അടുപ്പത്തിലാവുകയും പിന്നീട് പിണങ്ങുകയും ചെയ്തു. യുവതി അഭിജിത്തിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും യുവതി എഴുതിയ കത്തും ഫോൺ സന്ദേശങ്ങളും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. കൊല്ലം റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്. അഭിജിത്തിനെ കോടതി റിമാന്റ് ചെയ്തു.