അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിലെ കലാസന്ധ്യ ആസ്വാദക മനസിൽ കുളിർമഴ പെയ്യിച്ചു കോരിച്ചൊരിയുന്ന മഴയിലും അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂളിലെ കുരുന്നുകൾ അവതരിപ്പിച്ച കലാസന്ധ്യ വീക്ഷിക്കാൻ അഭൂതപൂർവമായ
ജനത്തിരക്കായിരുന്നു. നൂറിലേറെ കുട്ടികൾ പങ്കെടുത്ത വിവിധ കലാപരിപാടികൾ അക്ഷരാർത്ഥത്തിൽ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പഴമയും പാരമ്പര്യവും ഒട്ടും ചോരാതെ മറിയാമ്മയുടെയും ശോശാമ്മയുടെയും കണ്ണിലൂടെ ആധുനിക സെൽഫിയുമായി നടത്തിയ മാർഗ്ഗംകളി കാണികൾക്ക് നവ്യാനുഭമായി.
ബാലഭാസ്കറിനെയും, കലാഭവൻ മണിയെയും അനുസ്മരിച്ചുകൊണ്ടുള്ള നൃത്താഞ്ജലി കാണികളുടെ കണ്ണിൽ നനവ് പടർത്തി.
നാടോടിനൃത്തം, ഒപ്പന, സംഘനൃത്തം. സിനിമാറ്റിക് ഡാൻസ്, സ്കിറ്റ് തുടങ്ങി മൂന്നുമണിക്കൂർ നീണ്ടുനിന്ന കലാപരിപാടികൾ ആസ്വദിക്കാൻ നൂറുക്കണക്കിനാളുകളാണ് വേദിയിൽ തടിച്ചുകൂടിയത്
സ്കൂൾ ചെയർമാൻ അഡ്വ: ജി. സുരേന്ദ്രൻ മാനേജിംഗ് പാർട്ട്ണർ റാഫി ഹനീഫ, പ്രിൻസിപ്പൽ രേഖ, അദ്ധ്യാപകരായ ലിനി, സൈനു, മിനി, ചിന്മയി,മഞ്ജു, റുക്സാന, ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.