കരുനാഗപ്പള്ളി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ സമാഹരിക്കുന്നതിനായി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തഹസിൽദാരുടെ ഓഫീസിൽ കൂടിയ താലൂക്ക് തല മേധാവികൾ, വ്യാപാരികൾ, പ്രവാസികൾ, സന്നദ്ധ സംഘടനാ നേതാക്കൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരുടെ യോഗമാണ് കളക്ഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ചത്. ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും താലൂക്ക് ഓഫീസിലെ കളക്ഷൻ സെന്ററിൽ എത്തിക്കണമെന്ന് തഹസിൽദാർ സാജിദാ ബീഗം അറിയിച്ചു. ഇവിടെ ശേഖരിക്കുന്ന സാധനങ്ങൾ ജില്ലാ കളക്ഷൻ സെന്ററിന് കൈമാറും. ഇവിടെ നിന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നത്.