ഏരൂർ: ശക്തമായ കാറ്റിലും മഴയിലും വൈദ്യുത കമ്പികൾക്ക് മുകളിലൂടെ വൃക്ഷങ്ങൾ കടപുഴകി വീഴുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആലഞ്ചേരി കാവുങ്കൽ ജംഗ്ഷന് സമീപം ലൈൻകമ്പികൾക്ക് മുകളിലൂടെ പ്ലാവ് കടപുഴകി വീണ് വൈദ്യുതബന്ധം കരാറിലായി. പ്ലാവ് വീണത് റോഡിനു കുറുകേയായതിനാൽ ഗതാഗതവും തടസപ്പെട്ടു. സ്ഥലത്തെത്തിയ വൈദ്യുതി ബോർഡ് അധികൃതർ കമ്പികൾ മുറിച്ച് മാറ്റിയതിന് ശേഷമാണ് പ്ലാവ് നീക്കം ചെയ്യാനായത്. തുടർന്ന് വൈദ്യുതിബന്ധവും പുനസ്ഥാപിച്ചു. ചില്ലിംഗ്പ്ലാന്റ് തെക്കേവയൽ റോഡിൽ രാത്രിസമയത്താണ് വൈദ്യുതകമ്പികൾക്ക് മുകളിലൂടെ റബർ മരം കടപുഴകി വീണത്. വൈദ്യുത കമ്പി പൊട്ടി റോഡിൽ വീണു. രാവിലെ 5.30ഓടെ ഇതിലൂടെ വന്ന സ്ഥലവാസിയാണ് വൈദ്യുതകമ്പി പൊട്ടി റോഡിൽ കിടക്കുന്ന കണ്ടത്. ഉടൻ തന്നെ വൈദ്യുതബോർഡ് അധികൃതരെ അറിയിക്കുകയും ബന്ധപ്പെട്ടവർ സ്ഥലത്തെത്തി കമ്പികൾ മുറിച്ച് നീക്കുകയും ചെയ്തു. മഴസമയത്ത് ഈ പ്രദേശങ്ങളിൽ ലൈൻ കമ്പികൾക്ക് മുകളിലൂടെ വൃക്ഷങ്ങൾ കടപുഴകി വീഴുന്നത് പതിവായിട്ടുണ്ട്.