kollam-corporation
KOLLAM CORPORATION

 നഗരസഭയുടെ പദ്ധതി അനന്തമായി നീളുന്നു

 അപേക്ഷ ക്ഷണിച്ചിട്ട് ആറ് മാസം

കൊല്ലം: ആർത്തുപെയ്യുന്ന മഴ സംഭരിച്ച് പിന്നീട് പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിൽ നഗരസഭയുടെ മഴവെള്ള സംഭരണിക്ക് അപേക്ഷിച്ചവരുടെ കാത്തിരിപ്പ് നീളുന്നു. മഴ പോയിട്ട് മഴവെള്ള സംഭരണി ലഭിച്ചിട്ടെന്ത് കാര്യമെന്നാണ് അപേക്ഷകർ ചോദിക്കുന്നത്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ 4000 വീടുകളിൽ മഴവെള്ള സംഭരണികൾ സ്ഥാപിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. രണ്ട് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് 5.52 കോടി രൂപയാണ് നഗരസഭ നീക്കിവച്ചിട്ടുള്ളത്. ആദ്യഘട്ടമായി 2000 മഴവെള്ള സംഭരണി വിതരണം ചെയ്യാനുള്ള അപേക്ഷ ആറ് മാസം മുമ്പ് നഗരസഭ ക്ഷണിച്ചിരുന്നു. പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നും ഇല്ലാതെ എല്ലാ വിഭാഗം ആളുകളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.

ഗുണഭോക്തൃ വിഹിതമായ 3175 രൂപ അടച്ച് സംഭരണി സ്ഥാപിക്കാൻ പലരും വീട്ടുവളപ്പിൽ ഇടമൊരുക്കുകയും ചെയ്തു. എന്നാൽ നഗരസഭ മറ്റ് പല പദ്ധതികൾ പോലെ മഴവെള്ള സംഭരണി വിതരണം അനന്തമായി നീട്ടുകയാണ്. അടച്ച ഗുണഭോക്തൃ വിഹിതമെങ്കിലും തിരിച്ചുതരണമെന്നാണ് ചില അപേക്ഷകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

 ഉപകാരപ്രദമായ പദ്ധതി

ഓടിട്ട വീടുകളിലും കോൺക്രീറ്റ് വീടുകളിലും പുരപ്പുറത്ത് നിന്നുള്ള വെള്ളം ശേഖരിക്കുന്ന പൈപ്പ് സഹിതമുള്ള സംഭരണിയാണ് പദ്ധതി പ്രകാരം നഗരസഭ വാഗ്ദാനം ചെയ്കിരുന്നത്. പൈപ്പിനും സംഭരണിക്കുമിടയിൽ ജലം പല ഘട്ടങ്ങളായി ശുദ്ധീകരിക്കുന്ന അരിപ്പയുണ്ട്. കരി, ചരൽ, മണൽ എന്നിവ കൊണ്ട് മൂന്ന് ഘട്ടങ്ങളായാണ് ജലം ശുദ്ധീകരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ജലം കുറഞ്ഞത് 6 മാസമെങ്കിലും ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഗുണഭോക്താക്കൾക്ക് സ്വന്തം നിലയിൽ പണം മുടക്കി കൂടുതൽ ശേഷിയുള്ള സംഭരണി സ്ഥാപിക്കാം. സംഭരണി നിറഞ്ഞ് കഴിഞ്ഞാൽ പുരപ്പുറത്ത് നിന്നെത്തുന്ന ജലം കിണർ റീ ചാർജിംഗിനും പ്രയോജനപ്പെടുത്താം.

 5.52 കോടി രൂപയുടെ പദ്ധതി

 4000 വീടുകൾ

 500 ലിറ്റർ ശേഷിയുള്ള സംഭരണി

 ആദ്യഘട്ടത്തിൽ 2000 വീടുകൾ

 സംഭരണി ഒന്നിന് 12700 രൂപ

 സബ്സിഡി 9575 രൂപ

 ഗുണഭോക്തൃ വിഹിതം 3175 രൂപ

 '' ഒന്നരമാസം മുമ്പ് അപേക്ഷ നൽകിയതാണ്. നഗരസഭയുടെ ഭാഗത്ത് നിന്നും ഒരനക്കവുമില്ല. മഴ മാറിയിട്ട് മഴവെള്ള സംഭരണി ലഭിച്ചിട്ട് എന്ത് കാര്യം.'' ആനന്ദൻ, അ‌ഞ്ചാലുംമൂട്