കൊല്ലം:മഴക്കെടുതിയുടെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പതിനായിരങ്ങൾക്ക് സഹായ
മെത്തിക്കാൻ കൊല്ലത്തെ ജനങ്ങൾ മുന്നിട്ടിറങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൊല്ലം ടി.എം.വർഗീസ് സ്‌മാരക ഹാളിലും എല്ലാ താലൂക്ക് ഓഫീസുകളിലും പ്രവർത്തിക്കുന്ന അവശ്യ സാധനങ്ങളുടെ ശേഖരണ കേന്ദ്രങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്കൊപ്പം നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകരും വിദ്യാർത്ഥികളും കേന്ദ്രങ്ങളിൽ സഹായവുമായി എത്തുന്നുണ്ട്.
കൊല്ലം നഗരസഭാ ഓഫീസിലും കൊല്ലം എ.ആർ.ക്യാമ്പിലും അവശ്യ സാധനങ്ങളുടെ ശേഖരണ കേന്ദ്രങ്ങൾ തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയ തുകയും സാധനങ്ങളും അർഹരായവരിലേക്ക് കഴിഞ്ഞ തവണ എത്തിയില്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രചാരണം സമൂഹത്തിലെ കുറച്ച് പേരെയെങ്കിലും സ്വാധീനിക്കുന്നുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിവിധ വിദ്യാർത്ഥി - യുവജന- സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ
പ്രത്യേക ശേഖരണ കേന്ദ്രങ്ങൾ പ്രാദേശിക തലങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ആഗ്രഹിക്കുന്നർ പ്രദേശത്തെ പഞ്ചായത്ത്/ നഗരസഭാ പ്രതിനിധിയേയോ പൊതുപ്രവർത്തകരെയോ ഫോണിൽ ബന്ധപ്പെട്ടാൽ മതിയാകും. വീട്ടിൽ വന്ന് സാധനങ്ങൾ ശേഖരിക്കാനുള്ള സംവിധാനം പ്രാദേശിക തലത്തിൽ വിവിധ സംഘടനകൾ ഒരുക്കിയിട്ടുണ്ട്.
പ്രധാന ശേഖരണ കേന്ദ്രമായ ടി എം വർഗീസ് ഹാളിൽ നിന്ന് ആശ്വാസ വസ്തുക്കളുമായി ആദ്യവാഹനം കോഴിക്കോട് ജില്ലയിലേക്ക് പുറപ്പെട്ടു. പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കുന്ന ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ ഫ്ളാഗ് ഓഫ് ചെയ്തു.
സഹായ വസ്തുക്കൾ എത്തുന്ന മുറയ്ക്ക് വാഹനങ്ങൾ ഏർപ്പെടുത്തി വടക്കൻ ജില്ലകളിലേക്ക് അയയ്ക്കും. കോഴിക്കോടിന് പുറമേ മലപ്പുറത്തേക്കുള്ള രണ്ടാം വാഹനവും പുറപ്പെട്ടിട്ടുണ്ട്.
അസിസ്റ്റന്റ് കളക്ടർ മാമോനി ഡോലെ, എ. ഡി. എം പി.ആർ.ഗോപാലകൃഷ്ണൻ, തഹസിൽദാർമാർ തുടങ്ങിയവർ അവശ്യവസ്തു ശേഖരണത്തിന് നേതൃത്വം നൽകി. താലൂക്ക് വില്ലേജ്തല ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, യൂത്ത് വോളന്റിയർമാർ, വിദ്യാർത്ഥികൾ തുടങ്ങിയവരാണ് സജീവമായി പങ്കെടുക്കുന്നത്.
പ്ളീസ്, ഇനിയും വേണം
മരുന്നുകൾ,പുതപ്പുകൾ, പുതുവസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കുപ്പിവെള്ളം, അരി, പെട്ടെന്ന് കേടുവരാത്ത ഭക്ഷണ സാധനങ്ങൾ, ബാറ്ററി ടോർച്ചുകൾ, കൊതുക് തിരികൾ, സോപ്പുകൾ, ഡെറ്റോൾ, സാനിട്ടറി നാപ്കിനുകൾ തുടങ്ങിയവയാണ് ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ. ഇവ ടി.എം.വർഗീസ് സ്‌മാരക ഹാളിലും താലൂക്ക് ആസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രങ്ങളിലെത്തിക്കാം.