kila-etc-
കൊട്ടാരക്കര കില ഇ.ടി.സിയിൽ വി.ഇ.ഒ മാരുടെ ഇൻസർവീസ് പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മുഖാമുഖത്തിൽ കില ഡയറക്‌ടർ ഡോ.ജോയ് ഇളമൺ സംസാരിക്കുന്നു

കൊല്ലം: പുതിയ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്ന് കില ഡയറക്‌ടർ ഡോ.ജോയ് ഇളമൺ പറഞ്ഞു.

കൊട്ടാരക്കര കില ഇ.ടി.സിയിൽ വി.ഇ.ഒ മാരുടെ ഇൻസർവീസ് പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോയ് ഇളമൺ. തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തുന്ന മഴക്കെടുതി ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് സജീവമായ നേതൃത്വം നൽകാൻ ഫീൽഡ് തല സർക്കാർ ഉദ്യോഗസ്ഥരായ വി.ഇ.ഒ.മാർക്ക് കഴിയണം.

ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥരിൽ പലരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും സാങ്കേതിക ബിരുദങ്ങളും ഉള്ളവരാണ്. ഇവർ തങ്ങളുടെ ജോലിക്ക് പുറമെ ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്താൽ വിവിധ വികസന മേഖലകളിൽ സംസ്ഥാനത്തിന് മുന്നേറാൻ കഴിയുമെന്നും ജോയ് ഇളമൺ പറഞ്ഞു.

കില ഇ.ടി.സി പ്രിൻസിപ്പലായ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണർ ജി.കൃഷ്‌ണകുമാർ അദ്ധ്യക്ഷനായി. ഫാക്കൽറ്റി അംഗങ്ങളായ എസ്.രമേശൻ നായർ, ആർ.എസ്.മനോജ് ആർ.സമീറ, ഡോ. ജുന.എൽ.പോൾ തുടങ്ങിയവർ പ്രസംഗിച്ചു.