എഴുകോൺ: അര നൂറ്റാണ്ടായി നാടിന് അറിവ് പകരുന്ന എഴുകോൺ കാക്കക്കോട്ടൂർ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഷഷ്ഠിപൂർത്തി ആഘോഷത്തിനൊരുങ്ങുന്നു. 1959 ൽ 22 അംഗങ്ങളുമായാണ് വായനശാല പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഭാരവാഹികളായ വാസുദേവൻ പിള്ളയും കിഴക്കതിൽ ശങ്കരപ്പിള്ളയും നാട്ടുകാരുടെ സഹായത്തോടെ സ്വന്തമായി ഭൂമി വാങ്ങിയാണ് 1974ൽ കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ഗ്രന്ഥശാലാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.എൻ. പണിക്കരാണ്. 2015ൽ രാജ്യസഭാ അംഗമായിരുന്ന കെ. എൻ. ബാലഗോപാലിന്റെ ഫണ്ടിൽ നിന്നനുവദിച്ച 5 ലക്ഷം രൂപയും 2016ൽ പി. ഐഷാപോറ്റി എം.എൽ.എയുടെ ഫണ്ടിൽ നിന്നനുവദിച്ച 8 ലക്ഷം രൂപയും ചെലവഴിച്ചാണ് നിലവിലെ കെട്ടിടം നിർമ്മിച്ചത്. ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി കലാസാംസ്കാരികവേദി, ചർച്ചാവേദി എന്നിവ വായനശാലയിൽ പ്രവർത്തിക്കുന്നുണ്ട്. വിജ്ഞാനം പകരുന്നതിലുപരി പി.എസ്.സി പരിശീലനം, തയ്യൽ പരിശീലനം തുടങ്ങി തൊഴിലധിഷ്ഠിത പരിപാടികളും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ സാക്ഷരതാ കേന്ദ്രവും വായനശാലയിൽ പ്രവർത്തിക്കുന്നു. മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, സെമിനാറുകൾ, ബോധവത്ൽക്കരണ ക്ലാസുകൾ തുടങ്ങിയവ മുടങ്ങാതെ എല്ലാ വർഷവും നടത്തുന്നു. വജ്രജൂബിലിയുടെ ഭാഗമായി ഡിസംബർ 31 വരെ കലാകായിക പരിപാടികൾ, സാംസ്കാരിക സമ്മേളനം, ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, പൊതുസമ്മേളനം തുടങ്ങിയവ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് നിലവിലെ ഭാരവാഹികളായ ബി. സന്തോഷ് കുമാർ, കെ.വി. സുകുമാരൻ നായർ എന്നിവർ അറിയിച്ചു.