കൊല്ലം:സംസ്ഥാനത്തെ കശുഅണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വ്യവസായ വികസന സംഘടനയുടെ സഹായം തേടാൻ ആലോചന. ഇതുസംബന്ധിച്ച് വിശദപഠനം നടത്താൻ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിനെ ചുമതലപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ ലോകരാജ്യങ്ങളുമായി കശുഅണ്ടി ഇടപാട് ശൃംഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യവസായ വികസന സംഘടനയുടെ സഹായത്തോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു നേരിട്ട് തോട്ടണ്ടി വാങ്ങും. തോട്ടണ്ടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ സംഘടനയുടെ പ്രത്യേക ഇടപെടൽ ഉണ്ടാകും. കശുഅണ്ടി പരിപ്പിന് പുറമേ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വില്പനയിലും സമാനമായ സഹകരണം ഉറപ്പാക്കും.
ഇടനിലക്കാരെ ഒഴിവാക്കാൻ ആഫ്രിക്കയിലെ സ്ത്രീകളുടെ സ്വയംസഹായസംഘങ്ങൾ വഴി കശുഅണ്ടി ശേഖരിച്ച് രാജ്യങ്ങൾ തമ്മിലുള്ള ഇടപാടാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ആഫ്രിക്കയിലെയും കേരളത്തിലെയും സ്ത്രീകളുടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കാൻ യു.എൻ വനിതാസംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി യു.എൻ വ്യവസായ വികസന, വനിതാ സംഘടനകളുടെ പ്രതിനിധികളെ ഇവിടേക്ക് കൊണ്ടുവരും. തോട്ടണ്ടി സംസ്കരണത്തിന് നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിലും യു.എൻ സഹായം പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
കാപ്പക്സിലും കാഷ്യു കോർപ്പറേഷനിലും പ്രൊഫഷണലിസം
കശുഅണ്ടി രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും പ്രവർത്തനത്തിൽ പരമാവധി പ്രൊഫഷണലാക്കുന്നത് സംബന്ധിച്ച പഠനത്തിനും ഐ.ഐ.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പഠനവിഷയം
രാജ്യാന്തര കശുഅണ്ടി വ്യവസായ ശൃംഖല
പൊതുമേഖലാ കശുഅണ്ടി രംഗത്ത് പ്രൊഫഷണലിസത്തിന്റെ സാദ്ധ്യത
ഫാക്ടറികളിലെ നിയമന രീതിയിലെ പോരായ്മകൾ
സംസ്‌കരണ ചെലവ് എങ്ങനെ കുറയ്ക്കാം
പുതിയ സംസ്‌കരണ മാർഗ്ഗങ്ങൾ
പുതിയ വിപണന മാതൃകയും കയറ്റുമതി തന്ത്രവും