കൊല്ലത്ത് ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത
കൊല്ലം: ഇടയ്ക്കൊക്കെ വെയിൽ കിട്ടിയെങ്കിലും പൂർണ്ണമായും
മഴ മാറി നിൽക്കാതിരുന്ന ഇന്നലെ 14 വീടുകൾ ഭാഗികമായി തകർന്നു. 43 വീടുകളാണ് ശനിയാഴ്ച ജില്ലയിൽ തകർന്നത്. കൊല്ലത്തും തൃശൂരും ഇടിയോടുകൂടിയ മഴ ലഭിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ജില്ലയിൽ ആശങ്ക ഉണർത്തുന്നുണ്ടെങ്കിലും കിഴക്കൻ മേഖലകളിൽ ഉൾപ്പെടെ മഴയുടെ അളവ് കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി. കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ കൊല്ലം വാടിയിൽ നിന്നുൾപ്പെടെ ബോട്ടുകൾ ഉൾക്കടലിലേക്ക് പോകുന്നില്ല. രണ്ട് ദിവസമായി ജില്ലയുടെ മത്സ്യബന്ധന മേഖലയിൽ ഇത് പ്രതിഫലിക്കുന്നുണ്ട്. വാടിയിൽ ശനിയാഴ്‌ച 12 മത്തിക്ക് 200 രൂപ ആയിരുന്നു ചില്ലറ വിൽപ്പന വില. കൊല്ലത്ത് നിന്നുള്ള 30 മത്സ്യത്തൊഴിലാളികൾ 10 ബോട്ടുകളുമായി സർക്കാർ നിർദേശങ്ങൾ കാത്ത് പത്തനംതിട്ടയിൽ തുടരുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വള്ളങ്ങളുമായി യാത്ര തിരിക്കാൻ തൊഴിലാളികൾ സജ്ജരാണ്. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യം ജില്ലയിലുണ്ടായിട്ടില്ല. പക്ഷേ, തുടർച്ചയായി പെയ്യുന്ന മഴ പാരിസ്ഥിതിക വെല്ലുവിളി നേരിടുന്ന മൺറോതുരുത്തിന്റെ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. മൺറോതുരുത്തിലെമ്പാടും ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്ന് ബക്രീദ് ആയിട്ടും ഇന്നലെ വിപണിയിൽ കാര്യമായ ചലനം ഉണ്ടായില്ല. ആഘോഷങ്ങൾക്കായി കരുതി വെച്ച തുക പലരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുകയാണ്. ബക്രീദ് വിപണിയിലെ മാന്ദ്യം ഓണ വിപണിയിലും തുടർന്നേക്കുമെന്ന ആശങ്കയിലാണ് വ്യാപാരി സമൂഹം.
.......................................
തെന്മല ഡാമിന്റെ ഇന്നലത്തെ ജലനിരപ്പ് 105.37 മീറ്റർ
ഡാമിന്റെ സംഭരണ ശേഷി 115.82 മീറ്റർ
വൈദ്യുതി അപായം
അറിയിക്കണം
വൈദ്യുതി കമ്പികൾ പൊട്ടി വീഴൽ/ അപകട സാദ്ധ്യത : 94960 10101, 94960 01912 (വാട്ട്സ് ആപ്പ്)
വൈദ്യുതി തടസം: 1912 (ടോൾഫ്രീ )
കൺട്രോൾ റൂം നമ്പരുകൾ: 0474 2794002, 2794004, 1077 (ടോൾ ഫ്രീ)
തകർന്ന വീടുകൾ താലൂക്ക് ക്രമത്തിൽ
കുന്നത്തൂർ: 4
കൊല്ലം : 1
കരുനാഗപ്പള്ളി: 9