ശാസ്താംകോട്ട: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ജില്ലയിലെ പ്രകൃതിക്ഷോഭം സംബന്ധിച്ച നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള അവലോകനയോഗം കുന്നത്തൂർ താലൂക്ക് ഒാഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു. കുന്നത്തൂർ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ മരങ്ങൾ കടപുഴകിവീണ് വീടിന് സംഭവിച്ച നാശനഷ്ടങ്ങൾ, റോഡ്, കൃഷി എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് വിലയിരുത്തി. ഇനി കനത്ത മഴയുണ്ടായാൽ അത് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു. പ്രളയബാധിതപ്രദേശങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആവശ്യമായ അവശ്യവസ്തുക്കൾ സമാഹരിക്കുന്നതിനും തീരുമാനിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. സോമപ്രസാദ് എം.പി, ഡെപ്യൂട്ടി കളക്ടർ ജ്യോതിലക്ഷ്മി, തഹസിൽദാർ ബി. ലിസി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശിവശങ്കരപ്പിള്ള, ശ്രീലേഖാ വേണുഗോപാൽ, കെ. ശോഭന, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി എന്നിവർ സംസാരിച്ചു. കുന്നത്തൂർ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, പി.ഡബ്ലിയു.ഡി, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.