പുനലൂർ: രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്ന് പുനലൂർ താലൂക്കിൽ ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് സാദ്ധ്യതയുള്ള തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ വില്ലേജുകളിൽ ഇന്ന് മുതൽ പൊലീസ്, ഫോറസ്റ്റ്, റെവന്യൂ, ഫയർ ആൻഡ് റെസ്ക്യൂ ടീമുകളുടെ സംയുക്ത പരിശോധന നടക്കും. ഇന്നലെ പുനലൂർ താലൂക്ക് ഓഫീസിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ മേധാവികളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ പ്രളയത്തിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമുണ്ടായ പ്രദേശങ്ങളിലാകും പ്രധാനമായും പരിശോധന നടത്തുന്നത്. ഇവിടെയുള്ള താമസക്കാരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനുള്ള നടപടി കൈക്കൊള്ളാനും യോഗത്തിൽ ധാരണയായി. കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽ പുനലൂർ താലൂക്കിൽ ആയിരത്തിലധികം താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മുൻ കരുതൽ എന്ന നിലയിലാണ് മൂന്ന് വില്ലേജുകളിലും പരിശോധന നടത്തുന്നത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, തഹസിൽദാർമാരായ നിർമ്മൽ കുമാർ, ബിജുരാജ്, തെന്മല ഡി.എഫ്.ഒ സൺ, പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ബി. സരോജാദേവി, നഗരസഭാ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വൃക്ഷങ്ങൾ മുറിച്ച് നീക്കും
പാതയോരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് നീക്കും. ഫോറസ്റ്റിന്റെ നിയന്ത്രണത്തിലുള്ള മരങ്ങൾ അവർ സ്വയം മുറിച്ച് നീക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്തിൻെറ തനത് ഫണ്ട് ഉപയോഗിച്ചാണ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് നീക്കുന്നത്.
കൺട്രോൾ റൂം
റിലീഫ് ക്യാമ്പുകളിൽ എത്തിക്കേണ്ട വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും താലൂക്ക് ഓഫീസിൽ ശേഖരിച്ച ശേഷം കൊല്ലത്ത് എത്തിക്കും. വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളും നൽകാൻ താൽപ്പര്യമുള്ളവർ സാധനങ്ങൾ താലൂക്ക് ഓഫീസിൽ ആരംഭിച്ച കൺട്രോൾ റൂമിലെത്തിക്കണം.