ശാസ്താംകോട്ട: ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങൾ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിൽ വെള്ളം കയറിയ 16, 17, 18 വാർഡുകളിലെ വല്യ കുളങ്ങര കോളനി, നെടിയ പാടം, നരിങ്ങാട്ടിൽ കടവ്, കരിങ്ങാട്ടിൽ ക്ഷേത്രം, കുരിക്കുഴി, മണലാടി, ചിറപ്പാട്ട് എന്നിവിടങ്ങളിലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. നാശ നഷ്ടങ്ങൾ വിലയിരുത്തി കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത്, റെവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നു.