കൊല്ലം: കരുനാഗപ്പള്ളിയിൽ മയക്കുമരുന്നുമായി വിദ്യാർത്ഥി പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിഭാഗം ഷാജി മന്ദിരത്തിൽ ഷെബിനാണ് (20,ഉണ്ണി) 70 നൈട്രസിപാം ഗുളികകളുമായി പിടിയിലായത്.
രണ്ടു ദിവസം മുൻപ് രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികളെ തൊടിയൂർ ക്യാരടി ജംഗ്ഷനിലെ പണി പൂർത്തിയാകാത്ത പഞ്ചായത്ത് കെട്ടിടത്തിലിരുന്ന് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതിനിടെ കരുനാഗപ്പള്ളി എക്‌സൈസ് ഷാഡോ സംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് ഷെബിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സ്കൂട്ടറിൽ വരുമ്പോൾ കല്ലേലിഭാഗം മാമിമുക്കിൽ വച്ചാണ് പിടിയിലായത്. സുഹൃത്തും ബന്ധുവുമായ അശ്വിൻ ഷാജിയാണ് കന്യാകുമാരിയിൽ വച്ച് മയക്ക് മരുന്ന് ഗുളികകൾ നൽകിയതെന്ന് ഷെബിൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാൾക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ ഷാഡോ ഉദ്യോഗസ്ഥരായ വിജു, ശ്യാം കുമാർ, സജീവ്കുമാർ, ജിനു തങ്കച്ചൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീമോൾ, ഷിബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.