കിളികൊല്ലൂർ: അയത്തിൽ ബൈപാസ് ജംഗ്ഷന് വടക്കുവശം അയത്തിൽ ആറിന് സമീപത്തായി കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ ചേർന്ന് തടഞ്ഞു. വിവരമറിഞ്ഞെത്തിയ കിളികൊല്ലൂർ പൊലീസും കോർപ്പറേഷൻ അധികൃതരും ചേർന്ന് ബോർഡ് സ്ഥാപിക്കുന്നത് താത്കാലികമായി നിറുത്തിവയ്പ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആളൊഴിഞ്ഞ പുരയിടത്തിൽ ബോർഡ് സ്ഥാപിച്ചാൽ അയത്തിൽ ജംഗ്ഷന് തെക്ക് ഭാഗത്ത് നിന്ന് വരുന്നവർക്ക് സമീപത്തെ പള്ളി കാണാൻ കഴിയിലെന്ന് നാട്ടുകാർ പറഞ്ഞു. വില്ലേജ് അധികൃതരുടെയും കോർപ്പറേഷൻ അധികൃതരുടെയും അനുമതിയില്ലാതെ ബോർഡ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
എന്നാൽ സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്നും അവർ അനുവാദം തന്നിട്ടുണ്ടെന്നും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ബോർഡ് സ്ഥാപിക്കുന്നവർ വാദിച്ചു. അതേസമയം ഇത് പുറമ്പോക്കിൽ വരുന്ന സ്ഥലമാണെന്നാണ് നാട്ടുകാരുടെ വാദം. അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് കിളികൊല്ലൂർ പൊലീസ് പരസ്യ ബോർഡ് സ്ഥാപിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും പൊലീസ് നിർദ്ദേശിച്ചു.