കൊല്ലം: മഴക്കാലത്തെ നാശനഷ്ടങ്ങൾ നേരിടുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുനുമായി താലൂക്ക്തല മുന്നൊരുക്ക യോഗങ്ങൾ ചേർന്നു.
ജില്ലാ കളക്ടർ ബി അബ്ദുൽ നാസറിന്റെ അധ്യക്ഷതയിലാണ് കൊല്ലം താലൂക്ക്തല യോഗം ചേർന്നത്. എം എൽ എമാരായ എം മുകേഷ്, എം നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സമീപ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ ദ്രുതഗതിയിൽ എത്തിക്കുന്നതിന് നിർദേശം നൽകി. പ്രളയബാധിത മേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള കൂടുതൽ ശേഖരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കണം എന്ന് മേയർ അഡ്വ വി രാജേന്ദ്രബാബു നിർദ്ദേശിച്ചു.
തഹസിൽദാർ ബി. പി അനി, പരവൂർ നഗരസഭ ചെയർമാൻ കെ പി കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, താലൂക്ക്വില്ലേജ്തല ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
പത്തനാപുരത്ത് ചേർന്ന യോഗത്തിൽ മലയോര മേഖലയിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങളും ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളും എല്ലാ സ്കൂളുകളിലും ഏർപ്പെടുത്തിയതായി അറിയിച്ചു. പ്രകൃതിക്ഷോഭ സാധ്യതാപ്രദേശങ്ങളിലുള്ളവർക്ക് ആവശ്യാനുസരണം സഹായം എത്തിക്കാനും തീരുമാനമായി.
അഗ്നിസുരക്ഷാ സംവിധാനങ്ങളും പൊലിസ് പിന്തുണയും ഉറപ്പാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരും സേവന സന്നദ്ധരായി രംഗത്തുണ്ട്.
പത്തനാപുരം താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എം. എ റഹിം അധ്യക്ഷനായി. തഹസിൽദാർ കെ. ആർ മിനി, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചടയമംഗലത്ത് നടന്ന അവലോകന യോഗത്തിൽ മുല്ലക്കര രത്നാകരൻ എം എൽ എ അധ്യക്ഷനായി. ഇവിടെ ശേഖരിക്കുന്ന ദുരിതാശ്വാസ വസ്തുക്കൾ ജില്ലയിലെ പ്രധാന കളക്ഷൻ സെന്ററിലെത്തിക്കും എന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാനും നിർദേശിച്ചു.
കൊട്ടാരക്കരയിൽ ഐഷ പോറ്റി എം.എൽ. എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 27 വില്ലേജുകളിലും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് കൊട്ടാരക്കര തഹസിൽദാർ തുളസിധരൻപിള്ള അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ഡെപ്യൂട്ടി കളക്ടർ എസ് ശോഭ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോവൂർ കുഞ്ഞുമോൻ എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്ന കുന്നത്തൂർ താലൂക്ക്തല യോഗത്തിൽ കെ സോമപ്രസാദ് എം പിയും പങ്കെടുത്തു. മേഖലയിലെ അപകടസാധ്യതാ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും ദുരിതാശ്വാസ വസ്തുക്കളുടെ ശേഖരണം കൂടുതൽ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.
പുനലൂർ താലൂക്ക്തല യോഗത്തിൽ പുനലൂർ നഗരസഭ ചെയർമാൻ എസ് രാജശേഖരൻ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എം. പിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. വടക്കൻ കേരളത്തിലെ ദുരിതബാധിതർക്ക് പരമാവധി സഹായവസ്തുക്കൾ എത്തിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ബി സരോജിനി ദേവി, പുനലൂർ ആർ ഡി ഒ.ബി. രാധാകൃഷ്ണൻ, തഹസിൽദാർമാരായ ജി നിർമൽ കുമാർ, ആർ എസ് ബിജുരാജ്, നഗരസഭാ മുൻ ചെയർമാൻ എം എ രാജഗോപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഐ. ടി. ഐ പുനപരീക്ഷാ 14ന്
കൊല്ലം: ആഗസ്റ്റ് രണ്ടിന് നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് പരീക്ഷ ഒരു വർഷ മെട്രിക് ട്രേഡുകളുടെ വർക്ക്ഷോപ്പ് കാൽക്കുലേഷൻ ആന്റ് സയൻസ് പരീക്ഷ സംസ്ഥാനമൊട്ടാകെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് റദ്ദ് ചെയ്തിരുന്നു. ഈ പരീക്ഷ പഴയ ടൈംടേബിൾ സമയക്രമമനുസരിച്ച് ആഗസ്റ്റ് 14 ന് നടത്തും. മുൻപ് അനുവദിച്ച ഹാൾടിക്കറ്റുമായി വിദ്യാഥികൾ പരീക്ഷക്ക് ഹാജരാകണമെന്ന് ചന്ദനത്തോപ്പ് നോഡൽ ഗവ.ഐ ടി ഐ പ്രിൻസിപ്പൽ അറിയിച്ചു.