കൊട്ടിയം: ബൈപാസ് റോഡരികിൽ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. കാവനാട് ബൈപാസ് റോഡിൽ പാലത്തറയ്ക്കും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിക്കും ഇടയിലാണ് അറവുശാലാ മാലിന്യമുൾപ്പെടെ ചാക്കിലും പ്ളാസ്റ്റിക് കവറുകളിലുമായി തള്ളിയിരിക്കുന്നത്. മഴക്കാലമായതോടെ മാലിന്യത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ മൂക്ക് പൊത്താതെ ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞവർഷവും ഇതുപോലെ ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോഡരികിൽ കുറ്റിചെടികൾ വളർന്നു നിൽക്കുന്ന ഭാഗത്തായാണ് രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നത്. ടാങ്കർ ലോറികൾ റോഡരികിൽ പാർക്ക് ചെയ്ത ശേഷംകക്കൂസ് മാലിന്യം റോഡിലേക്ക് തുറന്നു വിടുന്നതായും പരാതിയുണ്ട്.
കോർപ്പറേഷൻ വടക്കേവിള സോണൽ ഓഫീസിലെ ആരോഗ്യ വിഭാഗം മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയെടുക്കണമെന്നും രാത്രികാലങ്ങളിൽ പ്രദേശത്ത് പൊലീസ് പട്രോളിംഗ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.മാലിന്യ നിക്ഷേപം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് പകർച്ചവ്യാധി പിടിപെടാതിരിക്കാൻ അടിയന്തരമായി ഇവിടെ ബ്ലിച്ചിംഗ് നടത്തണമെന്ന് കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് ആവശ്യപ്പെട്ടു.