പത്തനാപുരം: ശരീരം തളർന്ന ലളിതകുമാരിയമ്മയ്ക്ക് താങ്ങായി ഗാന്ധിഭവൻ. തിരുവനന്തപുരം പിരപ്പൻകോട് മാണിക്കൽ പത്മനിവാസിൽ ലളിതകുമാരിയമ്മയെയാണ് (70) ഗാന്ധിഭവൻ ഏറ്റെടുത്തത്.
ഭർത്താവിനും മകൾക്കുമൊപ്പം കഴിയവേ, പതിനേഴ് വർഷം മുമ്പ് ഭർത്താവ് മരിച്ചു. സ്വന്തമായി വീടോ വസ്തുവോ ഇല്ലാതെ വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മകളുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നതിനാൽ ഭർത്താവിന്റെ മരണശേഷം മകൾക്കും മരുമകനുമൊപ്പം ലളിതകുമാരിയമ്മ താമസം തുടങ്ങി. സ്വന്തമായി വരുമാനമൊന്നുമില്ലാതിരുന്നതിനാൽ മകൾക്കൊപ്പമുള്ള ജീവിതവും ബുദ്ധിമുട്ടായി.
രണ്ട് വർഷം മുമ്പ് മകളുടെ ഭർത്താവ് പിണങ്ങിപ്പോയതോടെ ലളിതകുമാരിയമ്മയുടെയും മകളുടെയും ദൈനംദിന കാര്യങ്ങൾപോലും അവതാളത്തിലായി. എന്ത് ചെയ്യണമെന്നറിയാതെ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് ലളിതകുമാരിക്ക് പക്ഷാഘാതം വന്ന് ശരീരം തളരുന്നത്. വരുമാനമൊന്നുമില്ലാത്ത മകൾക്ക് ലളിതകുമാരിയമ്മയെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അങ്ങനെയാണ് സാമൂഹിക പ്രവർത്തകനായ വക്കം ഷാജഹാൻ സി. ദിവാകരൻ എം.എൽ.എയെ വിവരം അറിയിക്കുന്നത്. അദ്ദേഹം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമായി ബന്ധപ്പെടുകയും തുടർന്ന ലളിതകുമാരിയമ്മയെ വക്കം ഷാജഹാന്റെ നേതൃത്വത്തിൽ ഗാന്ധിഭവനിലെത്തിക്കുകയുമായിരുന്നു.