ടെണ്ടർ ചെയ്ത് ഒരു വർഷമായിട്ടും നിർമ്മാണം തുടങ്ങിയില്ല
കൊല്ലം: കണ്ണൊന്ന് തെറ്റിയാൽ കാൽനടക്കാരുടെയും ഇരുചക്രവാഹന യാത്രികരുടെയും നടുവും കാലുമൊടിയും. വലിയ വാഹനങ്ങളുടെ ടയർ പഞ്ചറാകും. കൊല്ലം- പരവൂർ തീരദേശപാതയിലെ പ്രധാനഭാഗമായ താന്നി- ലക്ഷ്മിപുരം തോപ്പ് റോഡ് സമ്മാനിക്കുന്ന ദുരിതമാണിത്. യാത്രക്കാരും പ്രദേശവാസികളുമായ നിരവധി പേരെയാണ് ഈ റോഡ് ഇതുവരെ കിടപ്പിലാക്കിയത്.
അഞ്ച് വർഷത്തിലേറെയായി താന്നി - ലക്ഷ്മിപുരം തോപ്പ് റോഡ് തകർന്ന് തരിപ്പണമായിട്ട്. റോഡ് നിറയെ മൂന്നടി വരെ ആഴമുള്ള കുഴികളാണ്. മഴ പെയ്ത് വെള്ളം കെട്ടിയതോടെ കുഴിയേത് വഴിയേതെന്ന് അറിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് ഇവിടെ നിത്യസംഭവമായിരിക്കുകയാണ്.
അധികൃതരുടെ അലംഭാവം
ഇരവിപുരം തീരദേശ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡിന്റെ പുനരുദ്ധാരണത്തിന് രണ്ട് വർഷം മുമ്പ് പണം അനുവദിച്ചതാണ്. ഒരു വർഷം മുമ്പ് ടെണ്ടർ നടപടികളും പൂർത്തിയാക്കി. പക്ഷെ സർക്കാർ വകുപ്പുകൾ പതിവുപോലെ അലംഭാവം കാട്ടുകയായിരുന്നു.
നിർവഹണ ഏജൻസിയായ ഹാർബർ എൻജിനിയറിംഗ് വകുപ്പ് പല തവണ സമീപിച്ചിട്ടും വാട്ടർ അതോറിറ്റി ഇതുവഴിയുള്ള പൈപ്പുകൾ മാറ്രി സ്ഥാപിച്ചില്ല. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ കെ.എസ്.ഇ.ബിയും ഉഴപ്പി. അടുത്തിടെയാണ് വാട്ടർ അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിച്ചത്. എല്ലാം ശരിയായപ്പോൾ നിർമ്മാണം തുടങ്ങാൻ കരാറുകാരന് താല്പര്യമില്ലാതായി. പലതവണ ചർച്ച നടത്തി കരാറുകാരന്റെ മനസ് മാറിയപ്പോൾ മാനം തോരാതെ മഴയുമായി. മഴ മാറിയാലുടൻ നിർമ്മാണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായെന്നാണ് നാട്ടുകാർ പറയുന്നത്.
'' മഴ മാറിയാലുടൻ നിർമ്മാണ പ്രവർത്തനം തുടങ്ങും. നിർമ്മാണ സാമഗ്രികൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്.''
ജയശ്രീ (അസി. എക്സിക്യൂട്ടീവ് എൻജിനിയർ, ഹാർബർ എൻജിനിയറിംഗ് വകുപ്പ്)