കൊല്ലം: അപകീർത്തിപ്പെടുത്തി തകർക്കാൻ ശ്രമിച്ചിട്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ് ജില്ലാ ആശുപത്രിയിലെ ധന്വന്തരി കേന്ദ്രം. ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ സൗകര്യമൊരുക്കുന്നതിനായി ആരംഭിച്ച ധന്വന്തരി കേന്ദ്രത്തിന്റെ പ്രവർത്തനം ഇടക്കാലത്ത് ഉയർന്ന ആരോപണങ്ങളെ തുടർന്ന് അവതാളത്തിലായെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ്.
നിലവിൽ ഫാർമസിക്കൊപ്പം ഇ.സി.ജി പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പുതിയ സെക്രട്ടറി ചുമതലയേറ്റ ശേഷം ടെൻഡർ വിളിച്ചാണ് കേന്ദ്രത്തിലേക്കാവശ്യമായ മരുന്നുകൾ എത്തിക്കുന്നത്. മുമ്പത്തേക്കാൾ മികച്ച രീതിയിൽ വരുമാനം ലഭിക്കുന്നതായും കേന്ദ്രം സെക്രട്ടറി കൂടിയായ ജില്ലാ ആശുപത്രി ആർ.എം.ഒ സാക്ഷ്യപ്പെടുത്തുന്നു.
ജില്ലാ ആശുപത്രി, വിക്ടോറിയാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് സർക്കാർ ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ ധന്വന്തരി കേന്ദ്രം വഴി വിൽക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെങ്കിലും ഇത് കേന്ദ്രത്തിന്റെ പ്രവർത്തനത്തെ പല തരത്തിൽ ബാധിച്ചിരുന്നു.
ആരോപണങ്ങളെ തുടർന്ന് വിക്‌ടോറിയ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന് ലൈസൻസ് റദ്ദാക്കുകയും അവിടത്തെ ജീവനക്കാരുടെ തൊഴിൽ നഷ്ടമാകുകയും ചെയ്‌തു. കൂടാതെ മെഡിക്കൽ സ്‌റ്റോറിന്റെ നവീകരണം, ഫ്രീസർ പുതുക്കി നിർമ്മിക്കുക എന്നിവയ്‌ക്കായി പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ഫണ്ടും നഷ്ടമായിരുന്നു. പ്രതിസന്ധികളെല്ലാം മറികടന്ന് തുടർന്നും രോഗികൾക്ക് ആശ്വാസമായി മികച്ച സേവനം നൽകുകയാണ് ഈ കേന്ദ്രം.
പ്രവർത്തനം തുടങ്ങിയത് 1986ൽ
1986ൽ ജില്ലാ ആശുപത്രിയിലെ ആർ.എം.ഒയായിരുന്ന ഡോ. ഷാജഹാന്റെ ശ്രമഫലമായാണ് ചാരിറ്റബിൾ സൊസൈറ്റിയായി ധന്വന്തരി കേന്ദ്രം രജിസ്റ്രർ ചെയ്തത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനും ആർ.എം.ഒ സെക്രട്ടറിയുമായ ധന്വന്തരി കേന്ദ്രത്തിന്റെ വേണിംഗ് ബോഡിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർ ഉൾപ്പെടുന്നു. നാല് ഫാർമസിസ്‌റ്റുകൾ, മാനേജർ, ക്ലാർക്ക്, ഇ.സി.ജി ടെക്‌നിഷ്യന്മാർ ഉൾപ്പെടെയുള്ള ജീവനക്കാരും കേന്ദ്രത്തിലുണ്ട്.
ഗവേണിംഗ് ബോഡിയുടെ നിർദ്ദേശ പ്രകാരമാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ നവീകരണം ഉൾപ്പെടെയുള്ളവയെക്കുറിച്ച് ഗവേണിംഗ് ബോഡി കൂടി തീരുമാനം എടുക്കാൻ ജില്ലാ കളക്‌ടർ തീരുമാനിച്ചിട്ടുണ്ട്. ലൈസൻസ് റദ്ദാക്കിയ വിക്‌ടോറിയ ആശുപത്രിയിലെ കേന്ദ്രത്തിന് അനുമതിയും ലഭിച്ചിട്ടുണ്ട്.
ആർ.എം.ഒ, ജില്ലാ ആശുപത്രി