prd5

 സർവപിന്തുണയുമായി യുവതലമുറ


കൊല്ലം: പെരുമഴ കവർന്ന നാടുകളെ വീണ്ടെടുക്കാൻ കനിവോടെ കൊല്ലം ഒത്തു ചേരുകയാണ്. സംഘടനകളും കൂട്ടായ്‌മകളും മലബാറിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകൾ അമ്മയുടെ കൈയിൽ കൊടുക്കുന്ന കുരുന്നുകൾ മുതൽ കുഞ്ഞുമക്കൾക്ക് ഓണപ്പുടവ വാങ്ങാൻ മാറ്റിവച്ച പെൻഷൻ പണം സ്നേഹത്തോടെ കൊടുത്ത വയോധികർ വരെ ജില്ലയിലുണ്ട്. കൊല്ലം ടി.എം വർഗീസ് സ്‌മാരക ഹാളിൽ പ്രവർത്തിക്കുന്ന ജില്ലാതല ശേഖരണ കേന്ദ്രത്തിലും താലൂക്ക് ആസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളെത്തിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങുകയാണ്. ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ അവശ്യ സാധനങ്ങളുമായി നാല് ലോറികൾ ഇതിനകം മലബാറിലേക്ക് അയച്ചിട്ടുണ്ട്. കളക്ടർ ബി.അബ്‌ദുൽ നാസറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ജില്ലാ തല ശേഖരണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്ഷ്യ വസ്‌തുക്കളുടെ ഗുണനിലവാരം അദ്ദേഹം നേരിട്ട് പരിശോധിക്കുന്നുണ്ട്. അവധി ദിവസങ്ങളാണെങ്കിലും കാമ്പസുകളിലെ വിദ്യാർത്ഥികളും സജീവമാണ്. ജില്ലാ തല ശേഖരണ കേന്ദ്രത്തിൽ സാധനങ്ങൾ തരം തിരിക്കാൻ രാപകൽ ഭേദമില്ലാതെ സജ്ജരായി നിൽക്കുകയാണിവർ. കാമ്പസുകളിൽ നിന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലും അവശ്യ സാധനങ്ങളുടെ ശേഖരണം നടക്കുന്നുണ്ട്.

 മതിയാകില്ല, ലഭിക്കുന്നതൊന്നും

മരുന്നുകൾ, പുതപ്പുകൾ, പുതുവസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കുപ്പിവെള്ളം, അരി, പെട്ടെന്ന് കേടുവരാത്ത ഭക്ഷണ സാധനങ്ങൾ, ബാറ്ററി ടോർച്ചുകൾ, കൊതുക് തിരികൾ, സോപ്പുകൾ, ഡെറ്റോൾ, സാനിട്ടറി നാപ്കിനുകൾ തുടങ്ങിയവയാണ് ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ. ടി.എം.വർഗീസ് സ്‌മാരക ഹാളിലും താലൂക്ക് ആസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രങ്ങളിൽ സാധനങ്ങൾ എത്തിക്കാം.

....................................................

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാം,

സോഷ്യൽ മീഡിയ ചലഞ്ച് വൈറൽ

കൊല്ലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ച ശേഷം അതിന്റെ രസീത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് യുവാക്കൾ. സംഭാവന നൽകാൻ സുഹൃത്തുക്കളെ ഇവർ ക്ഷണിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന പ്രചരണം ശക്തമാകുന്നതിനിടയിലാണ് സഹായമെത്തിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്നത്. നല്ല പ്രതികരണമാണ് ഇതിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

.................................

'ടി.എം.വർഗീസ് സ്മാരക ഹാളിലെ ജില്ലാ തല ശേഖരണ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. ഏത് സമയത്തും അവശ്യ സാധനങ്ങൾ എത്തിക്കാം"

ബി. അബ്‌ദുൽനാസർ

ജില്ലാ കളക്‌ടർ