കരുനാഗപ്പള്ളി: വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യഫെഡ് സഹകരണ സംഘങ്ങളുമായി ചേർന്ന് പലിശ രഹിത വായ്പ നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ആലപ്പാട് -പറയകടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിനായി കുഴിത്തുറയിൽ നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മത്സ്യ സഹകരണ സംഘങ്ങൾ വഴി വായ്പയെടുക്കുന്ന തൊഴിലാളികളുടെ വായ്പയുടെ പലിശ സർക്കാർ നൽകും. കടൽ ക്ഷോഭമടക്കമുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി തീരത്തു നിന്ന് 50 മീറ്റർ കരയിലേക്ക് ഇവരെ മാറ്റിപ്പാർപ്പിക്കും. ഇതിനായി 1398 കോടി രൂപ സർക്കാർ മാറ്റിവച്ചിരിക്കുകയാണ്. ഇത്തരത്തിൽ മാറി താമസിക്കാൻ സന്നദ്ധതയുള്ളവർക്ക് 10 ലക്ഷം രൂപ വീതം നൽകും. തീരസംരക്ഷണത്തിനായി പാറയ്ക്ക് പകരം ജിയോ ട്യൂബുകൾ ഉൾപ്പടെയുള്ള ആശയങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് സർക്കാർ ശാസ്ത്രീയമായ പഠനങ്ങൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന വിതരണം ചെയ്തു. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.ലോറൻസ് ഹറോൾഡ്, ഭരണസമിതി അംഗങ്ങളായ ടി. മനോഹരൻ, സബീന സ്റ്റാൻലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെർളി ശ്രീകുമാർ, വി. സാഗർ, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ. അനിരുദ്ധൻ, ബി. പ്രിയകുമാർ, ആനന്ദൻ, സംഘം പ്രസിഡന്റ് ജി. രാജദാസ് സംഘം സെക്രട്ടറി എൻ. ബിനുമോൻ എന്നിവർ പ്രസംഗിച്ചു.