കൊല്ലം: കൂട്ടിക്കടയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകൾ പൊതുമരാമത്ത്, റെയിൽവെ അധികൃതർക്കും ജനപ്രതിനിധികൾക്കും ഭീമ ഹർജി നൽകും. കൂട്ടിക്കടയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകൾ ഒപ്പിട്ട നിവേദനമാകും നൽകുക.
തട്ടാമല, മയ്യനാട് റോഡുകൾ നേരെ എതിർദിശയിലാക്കി ലെവൽക്രോസ് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ പ്രാഥമിക സ്ഥല പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് തത്വത്തിൽ അനുമതി ലഭിച്ചാൽ മാത്രമേ ലെവൽക്രോസ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദപഠനം നടത്താനാകൂ. ലെവൽക്രോസ് മാറ്റി സ്ഥാപിക്കാൻ റെയിൽവെയുടെ അനുമതിയും ലഭിക്കണം. ഇതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വാഹനങ്ങളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് കൂട്ടിക്കട ജംഗ്ഷനിൽ ഗതാഗത സ്തംഭനം കൂടുതൽ രൂക്ഷമാവുകയാണ്. മയ്യനാട്, ഇരവിപുരം മേല്പാലങ്ങൾ യാഥാർത്ഥ്യമായാലും കൂട്ടിക്കട വഴിയുള്ള വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് ഇവിടത്തുകാർ പറയുന്നത്.
കൂട്ടിക്കടയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ലെവൽക്രോസ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിശദപഠനം നടത്തണം. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ വ്യാപാരികളും റസിഡന്റ്സ് അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടികളും കൂട്ടായ ശ്രമം നടത്തണം.
വിപിൻ വിക്രം (മയ്യനാട് പഞ്ചായത്തംഗം)