കുളത്തൂപ്പുഴ: പ്രളയത്തിൽ കുടിൽ ഒഴുകിപ്പോയതോടെ അന്തിയുറങ്ങാൻ ഇടമില്ലാതായ വയോധികയെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. കുളത്തൂപ്പുഴ അമ്പതേക്കർ തോട്ടരികത്ത് വീട്ടിൽ രുഗ്മിണിഅമ്മയാണ് (80) ഞായറാഴ്ച ഗാന്ധിഭവനിൽ എത്തിയത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഹായമെത്തിക്കാൻ കുളത്തൂപ്പുഴ സി.ഐ സതികുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും വില്ലേജ്അധികൃതരും പ്രദേശം സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് രുഗ്മിണി അമ്മയെ കണ്ടത്.
അവശയായി അയൽവാസിയുടെ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു ഇവർ. തുടർന്ന് ഉടൻതന്നെ ഭക്ഷണവും അവശ്യ വസ്തുക്കളും വാങ്ങിനൽകി ഗാന്ധിഭവന് കൈമാറുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഏകമകനോടൊപ്പം കുഞ്ഞുമാൻ തോടിന് സമീപം പുറമ്പോക്കിൽ കുടിലിൽ കഴിയവേ ഇവരുടെ കുടിൽ മഴവെള്ളപാച്ചിലിൽ ഒലിച്ച് പോയി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ അയൽവാസി വീട് ഉപേക്ഷിച്ച് പോയതോടെ ഇവർ അവിടെ അഭയം തേടി. പ്രായാധിക്യത്താൽ മകനും അവശനായതോടെ സഹായിക്കാനാരുമില്ലാതെ രുഗ്മിണി ഒറ്റക്കാകുകയായിരുന്നു. അമ്പതേക്കർ വാർഡ് മെമ്പർ ബാബുവു ആശാ വർക്കറായ ഉഷാകുമാരിയും ചേർന്നാണ് രുഗ്മിണിയെ ഗാന്ധിഭവനിൽ എത്തിച്ചത്.