bridg
തെന്മല ഡാം-പത്തേക്കർ റോഡിലെ കെ.ഐ.പി ലേബർ കോളനിക്ക് സമീപത്തെ പാലത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു കല്ലടയാറ്റിലേക്ക് മറിഞ്ഞ നിലയിൽ

തെന്മല കെ.ഐ.പി റോഡിലെ പാലത്തിന്റെ പാർശ്വഭിത്തി തകർന്നുവീണു

പുനലൂർ: പ്രളയക്കെടുതി കണക്കിലെടുത്ത് പുനലൂർ താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ റവന്യൂ, പൊലീസ്, ഫയർഫോഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടൽ അനുഭവപ്പെട്ട

ആര്യങ്കാവ്, തെന്മല, കുഴത്തൂപ്പുഴ പഞ്ചായത്തുകളിലെ അമ്പനാട്, ഇരുളൻകാട്, ഫ്ലേറൻസ്, ചേനഗിരി, കോട്ടവാസൽ, കല്ലുവെട്ടാംകുഴി, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.

പ്രദേശങ്ങളിലെ താമസക്കാരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഈ പ്രദേശങ്ങളിൽ നിലവിൽ കെടുതികൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഇല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കെടുതികൾ ഉണ്ടായാൽ ഇവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇവർക്കായി ബോധവത്കരണവും നടത്തി.

പ്രളയക്കെടുതികൾ വിലയിരുത്താനും മുൻ കരുതലുകൾ സ്വീകരിക്കാനുമായി കഴിഞ്ഞ ദിവസം താലൂക്കിൽ ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനിടെ കല്ലടയാറിന്റെ തീരത്തുകൂടി കടന്നുപോകുന്ന തെന്മല-പത്തേക്കർ റോഡിലെ പാലത്തിന്റെ പാർശ്വഭിത്തി കനത്ത മഴയിൽ ഇടിഞ്ഞുവീണു. തെന്മല കെ.ഐ.പി ലേബർ കോളനിക്ക് സമീപത്തെ പാലത്തിന്റെ പാർശ്വ ഭിത്തിയാണ് കല്ലടയാറ്റിലേക്ക് മറിഞ്ഞത്. പുനലൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇവർക്കാണ് അപകടം ഭീഷണിയായിരിക്കുന്നത്.