photo
സംരക്ഷണ ഭിത്തി ഇല്ലാതെ കിടക്കുന്ന കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന കുളം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽക്കാലത്ത് രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമവും ആ സമയത്ത് ആശ്രയമാകേണ്ട തണ്ണീർത്തടങ്ങൾ വ്യാപകമായി കൈയ്യേറുന്നതുമാണ് ജനങ്ങളുടെ ആവശ്യത്തിന് പിന്നിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത ജലക്ഷാമമാണ് കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. ഒരിറ്റ് വെള്ളത്തിനായി ഇവിടത്തുകാർ നെട്ടോട്ടമോടുകയാണ്.

ഇതിനിടെയാണ് ജലസ്രോതസുകളിൽ പലതും നശിക്കുന്നത്. നഗരസഭയുടെ പരിധിയിൽ വലുതും ചെറുതുമായി നിരവധി തണ്ണീർത്തടങ്ങളാണുള്ളത്. ഇതിൽ പലതും കൈയ്യേറ്റ ഭീഷണിയിലാണ്. നിലവിലുള്ളവയെ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

തല ഉയർത്തി പള്ളിക്കൽ കുളം...

നഗരസഭയുടെ പരിധിയിൽ പള്ളിക്കൽ കുളം മാത്രമാണ് ശാസ്ത്രീയമായി സംരക്ഷിച്ചിട്ടുള്ളത്. ഇവിടെ കുളത്തിന്റെ നാല് വശങ്ങളിലും കരിങ്കൽ ഭിത്തി കെട്ടിയിട്ടുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാനായി ഉയരത്തിൽ കമ്പി വേലിയും സ്ഥാപിച്ചു. ഇതോടെ നാട്ടുകാർ കുളത്തിലെ വെള്ളം ഉപയോഗിച്ച് തുടങ്ങി. ഇപ്പോൾ നീന്തൽ പരിശീലനത്തിനായും കുളത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരം നടപടികളാണ് ജനം ആവശ്യപ്പെടുന്നത്.

ഒരുമിക്കണം നല്ലൊരു നാളേയ്ക്കായി...

ഇപ്പോൾ മഴ ശക്തമായി പെയ്യുന്നുണ്ടെങ്കിലും തണ്ണീർത്തടങ്ങളിൽ നിന്നുള്ള വെള്ളം പാഴായി പോകുകയാണ്. മഴ വെള്ളത്ത ഇവിടെ തട‌ഞ്ഞ് നിറുത്താൻ കഴിഞ്ഞാൽ ഭൂഗർഭജലത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇതിനായി നഗരസഭയുടെ അധീനതയിലുള്ള കുളങ്ങൾ കൈയ്യേറ്റ വിമുക്തമാക്കി സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കണം.