കുണ്ടറ: മഴ കനത്തതോടെ കുണ്ടറയിൽ പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് കാൽനടയാത്രയുൾപ്പെടെ ദുഷ്കരമാക്കുന്നു. ചെറിയ മഴ പെയ്താൽ പോലും അശുപത്രിമുക്ക് മുതൽ ഇളമ്പള്ളൂർ വരെ പലയിടത്തും റോഡാകെ വെള്ളത്തിലാവുന്ന അവസ്ഥയാണ്. ദേശീയപാതയോരത്തെ ഓടകളിലെ തടസമാണ് വെള്ളക്കെട്ടിന് കാരണമാവുന്നത്.
ദേശീയപാതയിൽ ഇരുവശവും പലയിടത്തും ഓടകൾ ഉണ്ടെങ്കിലും ഇവ വൃത്തിയാക്കിയിട്ട് കാലങ്ങളേറെയായെന്ന് നാട്ടുകാർ പറയുന്നു. കുണ്ടറ റെയിൽവേസ്റ്റേഷന് മുന്നിലെ മത്സ്യകച്ചവടക്കാരും വഴിയോരക്കച്ചവടക്കാരും ഓടയിലേക്ക് വേസ്റ്റ് തള്ളുന്നതായും ആരോപണമുണ്ട്. മഴക്കാലത്ത് ഓടയിലെ ഒഴുക്ക് നിലച്ച് വെള്ളം കവിഞ്ഞൊഴുകാൻ തുടങ്ങും. മത്സ്യാവശിഷ്ടങ്ങൾ ഉൾപ്പടെ നിറഞ്ഞ വെള്ളത്തിലൂടെയുള്ള കാൽനടയാത്ര ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
ആശുപത്രിമുക്കിലെയും മുക്കടയിലെയും ബസ് സ്റ്റോപ്പുകളിലെ സ്ഥിതിയും ദയനീയമാണ്. ഇളമ്പള്ളൂർ ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന വെള്ളക്കെട്ട് ബസ്റ്റോപ്പ് വരെ നീളും. മഴ പെയ്ത് കഴിഞ്ഞാൽ ഓടയും റോഡും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.
അപകടസാധ്യതയും
കുണ്ടറയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇളമ്പള്ളൂർ. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ കാൽനട യാത്രക്കാർ റോഡിലേക്ക് കയറിനടക്കുന്നത് പതിവാണ്. ഇത് വിദ്യാർത്ഥികളുൾപ്പെടെയുള്ള കാൽനടയാത്രികർക്ക് അപകടസാധ്യതയാവുകയാണ്.
കൊല്ലം - തിരുമംഗലം ദേശീയപാതയിൽ റീടാറിംഗ് അടക്കമുള്ള പണികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ബസ് സ്റ്റോപ്പുകൾ ഉൾപ്പെടെ പലഭാഗത്തും ഇന്റർലോക്കിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തീകരിച്ചതിന് ശേഷമേ മറ്റ് വർക്കുകൾ ആരംഭിക്കാൻ കഴിയൂ. ഓട വൃത്തിയാക്കുന്നതിന് മേലുദ്യോഗസ്ഥതരുടെ ശ്രദ്ധയിൽപെടുത്തി വേണ്ടുന്ന നടപടി സ്വീകരിക്കും.
ജയ്നി (ദേശീയ പതാക അതോറിറ്റി എ.ഇ)
ഓട വൃത്തിയാക്കുന്നതിന്റെ ചുമതല ദേശീയപാതാ അതോറിറ്റിക്കാണ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
കെ. ബാബുരാജൻ ( കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)