road
കൊന്നയിൽക്കടവിലേക്കുള്ള മൺറോഡിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നു

മൺറോതുരുത്ത്: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പെട്ട ദ്വീപായ പെരുങ്ങാലത്തേക്കുള്ള ഏകയാത്രാ മാർഗമായ കൊച്ചുമാട്ടേൽ - കൊന്നയിൽക്കടവ് മൺറോഡ് മഴകനത്തത്തോടെ വെള്ളം കെട്ടി കുളത്തിന് സമാനമായി. റോ‌ഡിന്റെ വള്ളിത്തറ ക്ഷേത്രം മുതൽ കണ്ണങ്കാട് റെയിൽപ്പാലം വരെയുള്ള ഭാഗത്താണ് കാൽനടയാത്ര പോലും ദുഷ്കരമാകുന്ന വിധത്തിൽ വെള്ളം കെട്ടിനിൽക്കുന്നത്.

പെരുങ്ങോലം ദ്വീപിലെത്തുന്നതിന് ഈ റോഡ് വഴി കൊന്നയിൽ കടവിലെത്തി കടത്ത് കടന്ന് വേണം പോകാൻ. മുമ്പ് കാൽനടയായി മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളു. അടുത്ത കാലത്താണ് കൊന്നയിൽ കടവിലേക്ക് വീതി കുറഞ്ഞ മൺറോഡ് നിർമ്മിക്കപ്പെട്ടത്.

റോഡ് ടാറിംഗ് നടത്തുന്നതിനും കൊന്നയിൽ കടവിൽ പാലം നിർമ്മിക്കുന്നതിനുമായി മുമ്പ് ടെണ്ടർ നടപടികൾ പൂർത്തിയാക്കിരുന്നു. പക്ഷേ നൂലാമാലകളിൽ കുടുങ്ങി ഇത് അനന്തമായി നീണ്ടുപോകുകയാണ്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അനിശ്ചിതത്വത്തിലായ റോഡ് നിർമ്മാണവും പാലം നിർമ്മാണവും നടപടികൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.